ബോപ്പാല്‍: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ ബോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ആരോപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവാരാജ് സിംഗ് ചൗഹാന് ആരോപിച്ചിരുന്നു. ഇപ്പോള്‍ ചൗഹാനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍.
ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കിയത് നെഹ്റുവാണ്. മാതൃരാജ്യത്തെ മുറിവേല്‍പ്പിച്ചു. ഇന്ത്യയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന ആരും ക്രിമിനലാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ രാജ്യസ്നേഹികളല്ല. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞതില്‍ സന്തോഷിക്കുന്നവരാണ് രാജ്യത്തിന്റെ പേരില്‍ അഭിമാനിക്കുന്നവര്‍. മോഡിയുടെയും അമിത് ഷായുടേയും പേരില്‍ അഭിമാനിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 ഏര്‍പ്പെടുത്തിയത് ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്നും ശിവരാജ് സിംഗ് ചൗഹാന് ആരോപിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ പാക് അധിനിവേശ കശ്മീര്‍ കൂടി ഇന്ത്യയുടെ ഭാഗമാകുമായിരുന്നെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞിരുന്നു.






