
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു ഭരതനും പത്മരാജനും ഒന്നിച്ച രതിനിര്‍വ്വേദം. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്റെ ആദ്യചിത്രമായിരുന്നു രതിനിര്‍വേദം. പുറത്തിറങ്ങി 41 വര്‍ഷമായിട്ടും ഇന്നും ചര്‍ച്ച ചെയ്യുന്ന രതിനിര്‍വ്വേദത്തെ കുറിച്ച് പറയുകയാണ് കൃഷ്ണചന്ദ്രന്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോടാണ് രതിനിര്‍വേദത്തെ കുറിച്ച് കൃഷ്ണചന്ദ്രന് മനസ് തുറന്നത്.
'' പ്രയാണത്തിന് ശേഷം ഭരതേട്ടന്റെ സിനിമയില്‍ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ച എനിക്ക് അപ്രതീക്ഷിതമായാണ് രതിനിര്‍വേദത്തിലെ നായകവേഷം ലഭിച്ചത്. പ്രയാണത്തിന് ശേഷം ഗുരുവായൂര്‍ കേശവനാണ് ഭരതേട്ടന് ചെയ്ത സിനിമ. ഇതിനിടയില്‍ രതിനിര്‍വേദത്തിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു. പത്മരാജന് സാര്‍ ആണ് എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ഭരതേട്ടന് കണ്ടുവച്ചത് മറ്റൊരാളെയായിരുന്നു. അന്ന് ഞങ്ങളില്‍ ആരെ തിരഞ്ഞെടുത്താലായിരിക്കും നന്നാകുക എന്നറിയാന്‍ ചെറിയ ഒരു ഒഡീഷന് പോലെ നടത്തി. അങ്ങനെ എനിക്ക് നറുക്കു വീണു. അന്ന് ഭരതേട്ടന് എന്നോട് പറഞ്ഞത് ഇതാണ്, 'എടാ നിന്നെ തിരഞ്ഞെടുത്തത് നീ ഗംഭീര പ്രകടനം കാഴ്ച വച്ചതുകൊണ്ടല്ല, മറ്റേ പയ്യന് നിന്നേക്കാള്‍ മോശമായി ചെയ്തതു കൊണ്ടാണ്'.
ആദ്യത്തെ സിനിമയായിരുന്നുവെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ ചെന്നു നിന്നപ്പോള്‍ എനിക്ക് ഭയമൊന്നും തോന്നിയില്ല. അത് ഭരതേട്ടന് നല്കിയ പരിശീലനത്തിന്റെ ഗുണമായിരുന്നു. ജയഭാരതിയുമായി അടുത്തിടപഴകി അഭിനയിക്കേണ്ടി വന്ന രംഗങ്ങളില്‍ പേടിയുണ്ടായിരുന്നു. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ഔട്ട്ഡോര്‍ ഷൂട്ടായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കുകയാണ്. ഇത്രയും വലിയ നടി, ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും, അവര്‍ക്ക് എന്തു തോന്നും എന്ന ചിന്തകളൊക്കെയായിരുന്നു. എന്നാല്‍ ഭരതേട്ടന് കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജേട്ടനും നല്കിയ ധൈര്യത്തിന്റെ പുറത്താണ് ഞാന്‍ അഭിനയിച്ചത്.
രതിനിര്‍വേദത്തിലെ നായകന് എന്ന മേല്‍വിലാസം എന്നെ സംബന്ധിച്ച് അഭിമാനമാണ്. ഒരിക്കല്‍ പോലും എനിക്കതോര്‍ത്ത് വിഷമം തോന്നിയിട്ടില്ല. അത്രയും ചെറിയ പ്രായത്തില്‍ തന്നെ അങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച വലിയ കാര്യമായിരുന്നു. ഇന്നും ജനങ്ങള്‍ രതിനിര്വേദത്തെയും കുറിച്ചും പപ്പുവിനെ കുറിച്ചും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഭരതേട്ടന് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അന്ന് രക്തം ആവശ്യമായി വന്ന സമയത്ത് അറേഞ്ച് ചെയ്തു കൊടുക്കാനൊക്കെ എനിക്ക് കഴിഞ്ഞു. ഭരതേട്ടന്റെ ചെന്നൈയിലെ വീടിന്റെ സ്ഥാനത്ത് ഇന്ന് വലിയ ഫ്ളാറ്റ് സമുച്ചയമാണ്. ഭരതന് ടവര്‍ എന്നാണ് അതിന്റെ പേര്. ആ വഴി പോകുമ്പോള്‍ പണ്ട് ഞങ്ങള്‍ വീട്ടില്‍ ഒത്തുകൂടിയിരുന്നതും തമാശ പറഞ്ഞ് ചിരിക്കുന്നതുമെല്ലാം എനിക്ക് ഓര്മ വരാറുണ്ട്.'' - കൃഷ്ണ ചന്ദ്രന് പറയുന്നു.






