
ഇന്ത്യയില്‍ വിറ്റാര ബ്രെസ്സ സബ്കോംപാക്റ്റ് എസ്യുവിയുടെ വില്‍പ്പന നാലര ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു.
2016 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ സെഗ്മെന്റ് ഭരിക്കുന്നത് മാരുതി സുസുകി വിറ്റാര ബ്രെസ്സയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന എസ്യുവിയാണ് വിറ്റാര ബ്രെസ്സ.
12 മാസം മാത്രമാണ് ആദ്യ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ എസ്യുവി എടുത്തത്. എന്നാല്‍ അടുത്ത ഒരു ലക്ഷം യൂണിറ്റ് വില്‍ക്കുന്നതിന് 20 മാസവും മൂന്നാമത്തെ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കരസ്ഥമാക്കുന്നതിന് 28 മാസവും വേണ്ടിവന്നു. അതേസമയം, നാലാമത്തെ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ്സ വില്‍ക്കുന്നതിന് 35 മാസമാണ് എടുത്തത്.
വിറ്റാര ബ്രെസ്സ ഏറ്റവുമധികം വിറ്റുപോയത് 2018 ഒക്റ്റോബറിലാണ്. 15,082 യൂണിറ്റ്. ഏറ്റവും കുറവ് പ്രതിമാസ വില്‍പ്പന നടന്നത് 2019 ജൂലൈയില്‍. 5,302 യൂണിറ്റ് മാത്രം.
വിറ്റാര ബ്രെസ്സയാണ് യൂട്ടിലിറ്റി വാഹന സെഗ്മെന്റില്‍ 25.46 ശതമാനം വിഹിതം നേടാന്‍ മാരുതി സുസുകിയെ സഹായിച്ചത്. മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ പരിഷ്കരിച്ച പതിപ്പ് 2020 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം നടത്തുമെന്നാണ് സൂചന.






