
ഭോപ്പാല്‍: ബി.ജെ.പി നേതാക്കളെ വകവരുത്താന്‍ പ്രതിപക്ഷം മരണത്തിന്റെ ശക്തിയോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂറിന്റെ ആരോപണം. ബി.ജെ.പി നേതാക്കള്‍ക്ക് ദോഷം വരാന്‍ അവര്‍ ദുഷ്ടശക്തികളോട് ആരാധിക്കുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിനു പിന്നിലുള്ള കാരണം ഇതാണെന്നും അവര്‍ പറയുന്നു.
ബി.ജെ.പിയിലെ നല്ല നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്നും അതിനാല്‍ പ്രാര്‍ത്ഥന ഒരിക്കലും മുടക്കരുതെന്നും ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ബി.ജെ.പി ആണ് അവരുടെ പ്രധാന ലക്ഷ്യമെന്നും അവര്‍ പറയുന്നു. മലേഗണ് സ്ഫോടനക്കേസില്‍ ഒമ്പതു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രഗ്യാസിംഗ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിക്കുകയായിരുന്നു.
അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് താന്‍ പിന്നീടാണ് അറിഞ്ഞത്. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ബാബുലാല്‍ ഗൗര്‍ യാദവ് തുടങ്ങി ഓരോരുത്തരായി മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്.- അവര്‍ പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് സുഷമയും 24നാണ് ജെയ്റ്റ്ലിയും മരണമടഞ്ഞത്. ദീര്‍ഘകാലമായി നേരിട്ടിരുന്ന അസുഖത്തെ തുടര്‍ന്നായിരുന്നു ഇരുവരുടെയും വിയോഗം. ജെയ്റ്റ്യിയുടെയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിന്റെയും അനുസ്മരണ ചടങ്ങിലായിരുന്നു താക്കൂറിന്റെ ഈ പരാമര്‍ശം. എന്നാല്‍ ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പിന്നീട് അവര്‍ തയ്യാറായില്ല.
ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ ദിഗ്വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിംഗ് ലോക്സഭയിലെത്തിയത്. പലപ്പോഴും ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള പ്രഗ്യാ സിംഗ് പിന്നീട് മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് മേധാവി ഹേമന്ദ് കര്‍ക്കരെ മരണപ്പെട്ടത് തന്റെ 'ശാപം' കൊണ്ടാണെന്നായിരുന്നു അവരുടെ മറ്റൊരു വിവാദ പരാമര്‍ശം.






