
തിരുവനന്തപുരം: ഗര്‍ഭനിരോധ ഉറകളില്‍ ചവിട്ടി വീട്ടിലേക്ക് പേകേണ്ട അവസ്ഥ. തിരുവനന്തപുരത്തെ കവടിയാറിലെ കക്കോട് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്. റോഡ് തകര്‍ന്നതോടെ ടാര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച മണ്ണില്‍ നിന്നാണ് കോണ്ടം പുറത്തെത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ കോണ്ടത്തില്‍ ചവിട്ടാതെ നടക്കാനാവാത്ത അവസ്ഥയാണ് പ്രദേശ വാസികള്‍ക്ക്.
കക്കോട് റോഡ് പ്രധാനമായും ഉപയോഗിക്കുന്നത് 45 കുടുംബങ്ങളാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു പ്രദേശവാസികള്‍ക്ക് റോഡ് നിര്‍മ്മിച്ച് കിട്ടിയത്. റോഡ് നിരത്താനുള്ള മണ്ണ് നല്‍കിയത് പ്രമുഖ കോണ്ടം നിര്‍മാതാക്കളായ എച്ച് എല്‍എല്‍ ലൈഫ്കെയറായിരുന്നു. അടുത്തകാലം വരെ മണ്ണിലുണ്ടായിരുന്ന കോണ്ടം പ്രദേശവാസികള്‍ക്ക് യാതൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ മാലിന്യ പൈപ്പുകളിടാന്‍ റോഡ് കുത്തിപ്പൊഴിച്ചതോടെയാണ് കോണ്ടങ്ങള്‍ പുറത്തെത്തിയത്. ഇതോടെ മണ്ണിളകി മണ്ണിനൊപ്പമുണ്ടായിരുന്ന കോണ്ടങ്ങള്‍ കൊണ്ട് റോഡ് നിറഞ്ഞു.
തങ്ങളുടെ മാലിന്യം ഇടാനുള്ള ഒരു സ്ഥലം മാത്രമാണ് എച്ച്എല്‍എല്ലിന് വേണ്ടിയിരുന്നതെന്നും എന്നാല്‍ തങ്ങള്‍ക്ക് റോഡാണ് വേണ്ടതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നു. ഇത്തരത്തില്‍ മണ്ണിനൊപ്പം കോണ്ടം സംസ്കരിക്കുന്നത് പതിവാണെന്നാണ് എച്ച്എല്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന് പറയുന്നത്. എന്നാല്‍ പ്രശ്നം രൂക്ഷമായതോടെ പ്രദേശത്തു നിന്ന് മാലിന്യം നീക്കാനുള്ള തയാറെടുപ്പിലാണ് എച്ച്എല്‍എല്‍ അധികൃതര്‍.






