
തിരുവനന്തപുരം : സിസ്റ്റര്‍ അഭയക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാനാകുന്നില്ലെന്ന് സിബിഐ. ഇക്കാര്യം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വിചാരണ തുടങ്ങിയ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ പ്രതികരണം. നാലാം സാക്ഷി സഞ്ജു പി.മാത്യുവും 50-ാം സാക്ഷി സിസ്റ്റര്‍ അനുപമയുമാണ് വിചാരണവേളയില്‍ കോടതിയില്‍ മൊഴി മാറ്റിയത്.
ഫാ.തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയാണ് സഞ്ജു മാറ്റിയത്. കോണ്‍വെന്റിന് സമീപത്ത് താമസിക്കുന്ന ആളാണ് സഞ്ജു. സംഭവ ദിവസം അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും അടുക്കളയില്‍ കണ്ടുവെന്ന മൊഴിയാണ് സിസ്റ്റര്‍ അനുപമ പിന്നീട് മാറ്റിയത്. സിസ്റ്റര്‍ അഭയയ്ക്കൊപ്പമായിരുന്നു അനുപമയും താമസിച്ചിരുന്നത്.
2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 10 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.






