ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തില്‍ ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ലാല്‍ ഖട്ടാറിന്റെ പേരും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഖട്ടാര്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളാണ് പാക് മനുഷ്യാവകാശ മന്ത്രി ഷിരീന് മസാരി കത്തില്‍ പറയുന്നത്. കശ്മീര്‍ ഇനി സ്വതന്ത്രമാണെന്നും അവിടെ നിന്നുള്ള പെണ്‍കുട്ടികളെ ആര്‍ക്കും വിവാഹം കഴിക്കാമെന്നുമായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം.
ഏഴ് പേജുള്ള കത്താണ് മസാരി യു.എന്നിലേക്ക് അയച്ചത്. കശ്മീരിലെ കാര്യങ്ങള്‍ സുതാര്യമല്ലെന്നും അവിടുത്തെ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. രാഹുലിന്റെ വാക്കുകള്‍ പാക് മന്ത്രി എഴുതിയ കത്തിലും പരാമര്‍ശിച്ചിരുന്നു. ഇത് ബി.ജെ.പിയും ഭരണപക്ഷവും വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തില്‍ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
രാഹുലിന്റെ പ്രസ്താവന പാക്കിസ്ഥാന് ഉപയോഗിച്ചുവെന്നായിരുന്നു ബി.ജെ.പി വിമര്‍ശനം. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് രാഹുല്‍ ഗാന്ധി പിന്നീട് ട്വീറ്റ് ചെയ്തിരുന്നെങ്കിലും മലക്കം മറിച്ചിലായാണ് ബി.ജെ.പി നേതൃത്വം വ്യാഖ്യാനിച്ചത്. പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ രാഹുലിന്റെ വാക്കുകള്‍ ഉപയോഗിച്ച് സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു.






