
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ കോളേജുകളിലെ രാഷ്ട്രീയം സംബന്ധിച്ച കാര്യത്തില്‍ വന്‍ വിവാദം ഉയര്ത്തിവിട്ടിരിക്കെ കലാലയ രാഷ്ട്രീയത്തെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സുമായി സംസ്ഥാന സര്‍ക്കാര്‍. കോളേജ് രാഷ്ട്രീയത്തിന് നിയമസാധുത നല്കുന്ന പുതിയ ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. 'കേരള വിദ്യാര്‍ത്ഥി സംഘടനകളുടെ റജിസ്ട്രേഷനും വിദ്യാര്‍ത്ഥി പരാതി പരിഹാര കമ്മീഷന് രൂപീകരണവും (2019)' എന്ന ബില്ലിന്റെ കരട് രൂപം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് സമര്‍പ്പിച്ചതായാണ് വിവരം.
നിയമവകുപ്പിന്റെ അംഗീകാരത്തോടെ തയ്യാറാക്കിയിട്ടുള്ള കരടുരൂപം കലാലയ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും മാനേജുമെന്റുമായുള്ള വിദ്യാര്‍ത്ഥികളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും ഉതകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖയായി ബില്‍ മാറുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് കെകെ ദിനേശന് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി പരാതി പരിഹാര കമ്മീഷന് എന്നാല്‍ വിദ്യാര്‍ത്ഥികളും മാനേജ് മെന്റും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതി റിട്ട. ജസ്റ്റീസ് അദ്ധ്യക്ഷനായി കമ്മീഷന് രൂപീകരിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പരാതികള്‍ക്ക് പരിഹാരം കാണാനും ചട്ടം ലംഘിക്കുന്ന മാനേജ്മെന്റുകള്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കാനും കമ്മീഷന് അധികാരം നല്‍കാനും ശുപാര്‍ശയുണ്ട്.
ബില്‍ സ്വാശ്രയ കോളേജുകളേയും ബാധിക്കുന്നതാണ്. നിയമമായാല്‍ അതിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് മാനേജ്മെന്റുകള്‍ വ്യക്തമാക്കുന്നത്. കാരണം കലാലയ രാഷ്ട്രീയം നിരോധിച്ച കോടതി വിധിയെ മറികടക്കാനുള്ള സര്‍ക്കാരിന്റെ കുതന്ത്രമെന്നാണ് മാനേജ് മെന്റുകള്‍ നീക്കത്തെ വിലയിരുത്തുന്നത്. കലാലയ രാഷ്ട്രീയം വിലക്കുന്ന ഹൈക്കോടതി സിംഗിള്‍, ഡിവിഷന് ബഞ്ചുകളുടെ വിധികളും മറ്റും സര്‍ക്കാരിന് മുന്നില്‍ നില നില്ക്കുന്ന സാഹചര്യത്തില്‍ നിയമത്തിന്റെ തണലില്‍ സ്വാശ്രയ കോളേജുകളിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളെ എളുപ്പം കയറ്റി വിടാനാകുമെന്നാണ് അവരുടെ വിമര്‍ശനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ നേതാക്കള്‍ തന്നെ മര്‍ദ്ദിക്കുകയും കുത്തുകയും ചെയ്ത സംഭവം പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ വരെ എത്തി നില്‍ക്കുകയാണ്.






