
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വാഹനവും ഇസഡ് ക്യാറ്റഗറി സെക്യൂരിറ്റിയും ആഡംബര ബംഗ്ളാവുമെല്ലാം പരിചയിച്ച മുന്‍ ധനമന്ത്രി പി ചിദംബരം ഇന്നലെ കിടന്നുറങ്ങിയത് ജയിലിലെ തടിക്കട്ടിലില്‍. ജയില്‍ ചപ്പാത്തിയും പച്ചക്കറിയും ആഹാരം. ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതോടെ തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലേക്കാണ് ചിദംബരത്തെ ഇന്നലെ സുപ്രീംകോടതി അയച്ചത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഏഴാം നമ്പര്‍ ജയില്‍. ജയിലില്‍ അദ്ദേഹത്തിന് മരുന്നും പ്രത്യേക സെല്ലും ഉള്‍പ്പെടെ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് കോടതി ജയില്‍ അധികൃതര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. തീഹാര്‍ ജയിലിലേക്ക് അയയ്ക്കുകയാണെങ്കില് തനിക്ക് മരുന്നുകളും പാശ്ചാത്യ ടോയ്ലറ്റ് സൗകര്യവും നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. നേരത്തേ മകന് കാര്‍ത്തി ചിദംബരം കിടന്ന ജയിലില്‍ തന്നെയാണ് ചിദംബരത്തെയും പാര്‍പ്പിച്ചത്.
സ്ഥിരമായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ രുചിക്കുന്ന ചിദംബരത്തിന് ജയില്‍ കാന്റീനില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ക്ക് കാണാനും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അനുമതി നല്‍കിയിരുന്നു. ജയില്‍ മാനുവല്‍ പ്രകാരം തടവുകാര്‍ നിലത്ത് കിടന്നുറങ്ങണമെന്നാണ് നിയമമെങ്കിലും മുതിര്‍ന്ന പൗരന്മാര്ക്ക് കിടക്ക കൂടാതെയുള്ള തടിക്കട്ടില്‍ അനുവദിക്കാറുണ്ട്. തടിക്കട്ടില്‍ കിടന്ന ചിദംബരത്തെ ശാരീരിക പ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
ആഗസ്റ്റ് 21 ന് അറസ്റ്റിലായ ശേഷം സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. സാമ്പത്തീക കുറ്റകൃത്യങ്ങളില്‍ പെട്ട സഹാറാ ഗ്രൂപ്പ് ചെയര്മാന് സുബ്രതോറോയി, 2010 കോമണ്‍വെല്‍ത്ത ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്മാന് സുരേഷ് കല്‍മാഡി എന്നിവര്‍ കിടന്ന ജയിലില്‍ തന്നെ ചിദംബരത്തിനും കിടക്കേണ്ടി വരും. 2007 ല്‍ മൗറീഷ്യസിലെ മൂന്ന് കമ്പനികളില്‍ നിന്നും ഐഎന്‍എക്സ് മീഡിയയ്ക്ക് വേണ്ടി 305 കോടി രൂപ വിദേശപണം സ്വീകരിക്കാന്‍ അധികാര ദുര്‍വ്വിനിയോഗം നടത്തിയെന്നാണ് ആരോപണം.






