
തിരുവനന്തപുരം: ബസുകളുടെ സമയം അന്വേഷിച്ച യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു.
ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരോടാണ് യാത്രക്കാർ ബസിന്റെ സമയം ചോദിച്ചത്. എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ലെന്നാണ് പരാതി. ആവർത്തിച്ച് ചോദിച്ചപ്പോൾ, "ബസ് വരുമ്പോഴേ അറിയാൻ പറ്റൂ" എന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരോട് തട്ടിക്കയറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഡ്യൂട്ടി സമയത്ത് യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുപകരം ജീവനക്കാർ മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാർക്കെതിരെ സമാന പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു.യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡി അന്വേഷണത്തിന് നിർദേശം നൽകി. കൺട്രോളിംഗ് ഇൻസ്‌പെക്ടർ അബ്ദുൾ ഫെയ്‌സി, സ്റ്റേഷൻ മാസ്റ്റർ അനിൽ കുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം പൂർത്തിയാക്കി ഉടൻ സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് അറിയിച്ചു.






