
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ റഷ്യയുടെ ദാനില് മെദ്വദേവിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ ചാമ്പ്യന്‍. നാലു മണിക്കൂറും 50 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നദാല്‍ കിരീടം ഉയര്‍ത്തിയത്. സ്കോര്‍: 7-5,6-3,5-7,4-6,6-4.
ഞായറാഴ്ച നടന്ന യുഎസ് ഓപ്പണില്‍ ഫൈനലില്‍ കിരീടത്തോടെ 19-ാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണ് നദാല്‍ സ്വന്തമാക്കിയത്. റാഫേല്‍ നദാലിന്റെ നാലാം യുഎസ്ഓഎപ്പണ് കിരീടമാണ് ഇത്. ഇതോടെ 33 കാരനായ ഇടംകയ്യന്‍ സ്പാനിഷ് താരം റോഷര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം നേട്ടത്തിനു തൊട്ടുപിന്നില്‍ എത്തി. ലോക രണ്ടാം നമ്പര്‍ താരമായ നദാല്‍ ആര്‍തര്‍ ആഷേ സ്റ്റേഡിയത്തില്‍ നിന്ന് 2010, 2013, 2017 എന്നീ വര്‍ഷങ്ങളിലാണ് കിരീടം ഉയര്‍ത്തിയത്.
നദാലിന്റെ അഞ്ചാമത് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും 27-ാമത് ഗ്രാന്‍ഡ്സ്ലാം ഫൈനലുമായിരുന്നു ആര്‍തര്‍ ആഷേ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്നത്. പ്രായം 30 കവിഞ്ഞതിനു ശേഷം അഞ്ച് പ്രധാന കിരീടനേട്ടത്തിലെത്തിയ ആദ്യ ആളും നദാല്‍ തന്നെ. അഞ്ചാം സീഡായ 23 കാരനായ മെദ്വദേവിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പോരാട്ടമായിരുന്നു.






