
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 2018 നവംബറില്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് 650 ഇരട്ടകളുടെ വിലയില്‍ വര്‍ധന വരുത്തുന്നത്.
വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് 5,762 രൂപ മുതല്‍ 6,483 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഒരിക്കല്‍ക്കൂടി വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ 649 സിസി, പാരലല്‍ ട്വിന്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. മണിക്കൂറില്‍ 160 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് സ്പീഡ്.
ഇതിനകം തന്നെ കോണ്ടിനെന്റല് ജിടി 650 മോട്ടോര്‍സൈക്കിളിന്റെ ബിഎസ് 6 വേര്‍ഷന്‍ പരീക്ഷിച്ചുതുടങ്ങി. ബിഎസ് 6 മോട്ടോര്‍സൈക്കിളില്‍ ഡിസൈന്‍ മാറ്റങ്ങളോ സ്റ്റൈലിംഗ് കൂട്ടിച്ചേര്‍ക്കലുകളോ ഇല്ല. നിലവിലെ മോഡലുമായി ഏകദേശം സമാനമാണ്.
എന്നാല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ മാത്രമാണ് ഏക വ്യത്യാസം. പ്രോട്ടോടൈപ്പിന്റെ ഇരട്ട എക്സ്ഹോസ്റ്റുകളില്‍ ചെറിയ എക്സ്റ്റെന്ഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഎസ് 6 വേര്‍ഷന്റെ ഉല്‍പ്പാദന പതിപ്പില്‍ ഈ മാറ്റം ഉണ്ടാകുമോ എന്ന് വ്യകതമല്ല.






