
കൊച്ചി : സ്വകാര്യ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട വൃദ്ധന് മരിച്ചു. മൂവാറ്റുപുഴയ്ക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ ആണ് മരിച്ചത്. മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ ഇന്നലെയായിരുന്നു സംഭവം.
ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ ജീവനക്കാര്‍ അദ്ദേഹത്തെ ബസില്‍ നിന്നും വലിച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇദ്ദേഹത്തിന് ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സേവ്യര്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടുവെങ്കിലും അവിടെ നിന്നും അഞ്ച് കിലോമീറ്റളോം ഓടിയ ശേഷം ബസ് നിര്‍ത്തി സേവ്യറെ ബസില്‍ നിന്നും വലിച്ചിഴച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്.






