
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുവായ പി.ചിദംബരത്തിന്റെ കീഴടങ്ങല്‍ ഹര്‍ജി സിബിഐ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന അപേക്ഷയാണ് കോടതി തള്ളിയത്. ഇതോടെ ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.
കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച വാദം പൂര്‍ത്തിയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണം തുടരുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സിബിഐ കോടതിയില്‍ അറിയിച്ചു. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ചിദംബരവും വാദിച്ചു.
ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് ചിദംബരം. ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി.






