
ചെന്നൈ: ആരാധകരോട് ഫ്ളക്സുകള്‍ വെയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ളക്സുകള്‍ വെയ്ക്കരുതെന്ന് താരങ്ങള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് താരങ്ങളുടെ പത്രക്കുറിപ്പ്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 3500 ഫ്ളക്സുകള്‍ ചെന്നൈയില്‍ നിന്നും മാറ്റി. അനധികൃത ബാനറുകള്‍ മാറ്റാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കാണ് ചുമതല. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്റ് ചെയ്ത് നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ബാനറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കുന്നതിന് ഹെല്പ്പ്ലൈന് നമ്പറുകളും തുറന്നിട്ടുണ്ട്.
അതേസമയം ശുഭ ശ്രീയുടെ മരണത്തിന് കാരണമായ ഫ്ളക്സ് സ്ഥാപിച്ച അണ്ണാ ഡി.എം.കെ നേതാവ് എസ് ജയഗോപാലിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയഗോപാല്‍ അറസ്റ്റിലായേക്കുമെന്ന വിവരം പുറത്ത് വന്നതിനു ശേഷമാണ് അണ്ണാ ഡിഎം.കെ നേതാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തിരുന്നു. മരണത്തിന് കാരണക്കാരായവരെ രക്ഷിക്കാന്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു.






