
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ എണ്ണക്കമ്പനിക്കു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ധന പ്രതിസന്ധിയില്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില ആറു രൂപയെങ്കിലും കൂടിയേക്കും. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം പെട്രോള്‍ വിലയിലും പ്രതിഫലിക്കും. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കിൽ പെട്രോളിനും ഡീസലിനും വില ഉയരുമെന്നാണ് സൂചനകള്‍.
ക്രൂഡ് ഓയിലിന് ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വർധനയാണ് വിലയിലുണ്ടായത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്സ് വില വീപ്പയ്ക്ക് 71.95 ഡോളറായി വില കൂടി. 1991-ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കുതിപ്പാണ് ഇത്. എന്നാല്‍ വിപണിയില്‍ എണ്ണ ലഭ്യത ഉറപ്പാക്കാനായി യു.എസിന്റെ കരുതല്‍ ശേഖരം വിനിയോഗിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയതോടെ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരുന്നു.
ഒരു ബാരല്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില 66.33 ഡോളറായി കുറഞ്ഞു, (വര്‍ധന ഏകദേശം 10 ശതമാനം). യു.എസ്. െലെറ്റ് ക്രൂഡോയിലിന്റെ വിലവര്‍ധന 9.5 ശതമാനത്തിലൊതുങ്ങി, 60.27 ഡോളര്‍. ക്രൂഡ് വില 10 ശതമാനത്തിലധികം ഉയർന്നുനിന്നാൽ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പെട്രോള്‍ വിലയിലും മാറ്റമുണ്ടാകും. വിലക്കയറ്റത്തിലേക്കാകും ഈ സാഹചര്യം എത്തുക.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ അരാംകോയുടെ രണ്ട് സംസ്കരണ ശാലകൾക്ക് നേരെ കഴിഞ്ഞ ദിവസമാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലോക സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കാന്‍ കരുത്തുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന അബ്െഖെക്, സൗദിയില്‍ വലിപ്പത്തില്‍ രണ്ടാമത്തെ എണ്ണപ്പാടമായ ഖുെറെസ് എന്നിവിടങ്ങളിലാണു ബോംബ് വീണത്.
ഇതോടെ സൗദിയുടെ പ്രതിദിന ഉല്‍പ്പാദനം 57 ലക്ഷം ബാരല്‍ കുറഞ്ഞു. ഇത് സൗദി അരാംകോയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ പകുതിയാണ്. എണ്ണശാലകളുടെ പ്രവര്‍ത്തനം കഴിവതും വേഗം പുനഃസ്ഥാപിക്കുമെന്നും സ്റ്റോക്കുള്ള ക്രൂഡോയില്‍ വിപണിയിലെത്തിച്ച് വിതരണം സാധാരണ നിലയില്‍ തുടരുമെന്നും ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു.
അതേസമയം, അടുത്ത ദിവസങ്ങളില്‍ വലിയ വിലവര്‍ധന ഉണ്ടാകില്ലെന്നാണു വിലയിരുത്തല്‍. എണ്ണവില ഉയരുന്നത് ഇറക്കുമതിച്ചെലവു കൂട്ടുന്നതുകൊണ്ട് രൂപയുടെ മൂല്യത്തിലും നേരിയ ഇടിവുണ്ടായി. ഡോളറുമായുള്ള വിനിമയത്തില്‍ 71.6 ആയിരുന്നു ഇന്നലെ രൂപയുടെ മൂല്യം. തലേന്ന് ഇതു 70.97 ആയിരുന്നു. ഡ്രോണ്‍ ആക്രമണത്തിന്റെ പേരില്‍ അമേരിക്കയും ഇറാനും തമ്മില്‍ തുടക്കമിട്ട വാക്പോര് സംഘര്‍ഷത്തിലേക്കു മാറിയാല്‍ വില പ്രവചനാതീതമാകും.






