
(2012-ല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച സത്താറുമായുള്ള അഭിമുഖം)
ഇടവേളയ്ക്കുശേഷമുള്ള സത്താറിന്റെ വരവ് അതിശയകരമായിരുന്നു. ജീവിതം പ്രണയത്തിനും സ്നേഹത്തിനുമിടയില്‍ ആഘോഷിച്ചുതീര്ക്കണമെന്നു ആഗ്രഹിക്കുന്ന മധ്യവയസിന്റെ പ്രതീകമായിട്ടാണ് 22 എഫ് കെ യിലെ സത്താറിന്റെ കഥാപാത്രം.37 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ സത്താര്‍ സിനിമയില്‍ എത്തുന്നത് സിനിമയിലെ എക്കാലത്തേയും അതികായനായ വിന്‍സെന്റ് മാസ്റ്ററുടെ ചിത്രത്തിലൂടെ . 15 വര്‍ഷം മുമ്പ് ലേലം സിനിമയില്‍ അഭിനയിച്ചശേഷവും നീണ്ട ഇടവേള. ഇടക്കാലം സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും നല്ല വായനയുടെ കൂട്ടുകാരനായി കഴിയുകയായിരുന്നു സത്താര്‍. ഒപ്പം കുറച്ച് ബിസിനസ് തിരക്കുകളും. അഭിമുഖങ്ങളോടു പോലും വൈമുഖ്യമായിരുന്നു സത്താറിന്.കാണുമ്പോള്‍ സുന്ദരമായി ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നയാളാണെന്ന ബോധ്യപ്പെടുത്തലുണ്ട് സംസാരത്തില്‍. മുടങ്ങാതെ വായിക്കുന്ന പത്രങ്ങള്‍.... സീരിയസ് ആനുകാലികങ്ങള്‍ അടക്കം കൈയില്‍ കിട്ടുന്ന എന്തും വായിക്കണമെന്നു ശഠിക്കുന്ന ആള്. അന്നു വായിച്ച പത്രവാര്‍ത്തയിലാണ് മനസ്. മുംബൈയില്‍ ബാല്‍ താക്കറെ മരിച്ചദിനം ഉണ്ടായ അസൗകര്യങ്ങളില്‍ ഖേദിച്ചു ഫെയ്സ്ബുക്കില്‍ എഴുതിയ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതില്‍ തെല്ല് പ്രതിഷേധം. സിനിമയെക്കുറിച്ചല്ല എന്തിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ പുലര്‍ത്തുന്ന ആള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ പോലും സുന്ദരമായ സ്വപ്നമുണ്ട്. ഒരു പുഴപോലെ ഒഴുകുന്നതിനിടയില് കുറച്ചു കാലം സത്താറിന്റെ ജീവിതം തടാകത്തില്‍ പെട്ടുപോയി.ഒഴുക്കില്ലാത്ത കുറച്ചു നാളുകള്‍.. ഇപ്പോള്‍ വീണ്ടും ഒഴുക്കു തുടങ്ങി.
''ഇനി കടലിലേക്കാവും. മുഹമ്മദാലികള് പറയും പോലെ അവിടെ തേനുണ്ട്.. പാലുണ്ട്... ഹൂറികളുണ്ട്....ഉണ്ടാകുമല്ലേ നല്ല അനുഭവങ്ങള്‍.എങ്ങനെ ഒഴുകിയാലും അവസാനം സ്വര്‍ഗത്തില്‍ എത്തണം.''
സത്താര്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തുടങ്ങി.
തടാകത്തിനു മുമ്പു കാലം.. സിനിമയില്‍ വന്ന ആ കാലം ഓര്‍ത്തെടുത്താല്‍?
1975ല്‍ ആലുവ യു.സി കോളജില്‍ എം.എയ്ക്ക് പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ആ സമയത്ത് പത്രത്തില്‍ ഒരു പരസ്യം വന്നു. ശാരദയ്ക്കും പ്രേംനസീറിനുമൊപ്പം അഭിനയിക്കാന്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട്. അന്ന് താടിയും മുടിയുമൊക്കെ വളര്‍ത്തിയ എന്റെ ഒരു ഒരു ഫോട്ടോ അയച്ചുകൊടുത്തു. പുതുമുഖങ്ങളെ മാത്രം വച്ചാണ് 'അനാവരണം' എന്ന സിനിമ പുറത്തു വന്നത്. ഞാനായിരുന്നു നായകന്. അന്നു സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. ഒരു നിയോഗം പോലെയേ ഞാനതിനെ കണ്ടിട്ടുള്ളൂ. അല്ലാതെ അതെന്റെ കരിയറാണ് എന്ന അമിതശ്രദ്ധയൊന്നും കൊടുത്തില്ല. അത്തരം അശ്രദ്ധ എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. വിന്‍സെന്റ് മാഷിനെപ്പോലൊരു വലിയ സംവിധായകന്റെ ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന പ്രാധാന്യമൊന്നും അന്ന് തിരിച്ചറിഞ്ഞില്ല.
നായകനായി തുടരാന്‍ കഴിഞ്ഞുവോ?
പിന്നീട് 'യത്തീം 'എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു. എന്നാലും അഭിനയത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. 'ശരപഞ്ചരം' എന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്. ജയന് നെഗറ്റീവ് റോളില്‍. എന്നാലും പ്രാധാന്യം ജയന്റെ വേഷത്തിന് . അതിന് ശേഷമാണ് ജയന് നായകനായത്. ഒന്നരവര്‍ഷം കഴിഞ്ഞ് ജയന് മരിക്കുന്നു. ജയന്റെ ഒപ്പം കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. മൂര്‍ഖന്‍, ബെന്‍സ് വാസു, ദീപം.... തുടങ്ങി ഒരു പാട് ചിത്രങ്ങള്‍.
ശ്രദ്ധേയ വേഷത്തില്‍ അഭിനയിച്ചിട്ടും ഇടവേള വന്നു?
ഞാനും ആലോചിക്കാറുണ്ട് അക്കാര്യം. 1982 വരെ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു. ആവനാഴി, ഈ നാട് അടക്കം പല ചിത്രങ്ങള്‍. അതിനു ശേഷം 'ഒറ്റയാന്' എന്നൊരു ചിത്രത്തില്‍ അഭിനയിച്ചു. അതില്‍ റേപ്പ് സീനില്‍ ഞാനുണ്ടായിരുന്നു.ആ രീതിയില്‍ ട്രാക്ക് മാറിയപ്പോള്‍ പിന്നെ കിട്ടിയ വേഷങ്ങള്‍ അത്തരത്തിലുള്ളതായി. അതു ശ്രദ്ധിക്കാന്‍ ശ്രമിച്ചില്ല. സിനിമയല്ലേ.. അഭിനയമല്ലേ എന്നേ ചിന്തിച്ചുള്ളൂ. ആത്മാര്‍ത്ഥമായി സിനിമയെ കാണാന്‍ കഴിയാതെ പോയതാകണം പ്രശ്നം.
സിനിമയിലെത്തുന്നതിന് കുടുംബത്തില്‍ എതിര്‍പ്പുകള്‍. ?
ആലുവയിലെ കടുങ്ങല്ലൂരിലാണ് എന്റെ വീട് . ഒരു കര്‍ഷക കുടുംബം. ഒമ്പത് മക്കള്‍. അത്രയും വലിയ കുടുംബത്തില്‍ നിന്നായതുകൊണ്ട് ഒരാള്‍ സിനിമയില്‍ എത്തിയതൊന്നും കാര്യമാക്കിയില്ലെന്നുവേണം കരുതാന്‍.
സിനിമ നിര്‍മ്മിച്ചതിന്റെ പ്രേരണ?
നടന് രതീഷുമായുള്ള സൗഹൃദമാണ് നിര്‍മ്മാണത്തില്‍ എത്തിച്ചത്. ഞങ്ങള്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബ്ലാക്ക് മെയില്‍, റിവഞ്ച്. ഏഴുലക്ഷം മുടക്കിയിട്ട് പത്തുലക്ഷം രൂപായ്ക്ക് മൊത്തം വില്ക്കാന് കഴിഞ്ഞു. ലാഭം കിട്ടിയപ്പോള്‍ വീണ്ടും സിനിമ നിര്‍മ്മിക്കാമെന്നായി രതീഷ്. ഞാന്‍ നിരുത്സാഹപ്പെടുത്തി. എങ്കിലും രതീഷ് വീണ്ടും നിര്‍മ്മിച്ചു. 'അയ്യര്‍ ദ ഗ്രേറ്റ് '. സിനിമ നല്ലതായിരുന്നെങ്കിലും സാമ്പത്തികമായി കുറേ നഷ്ടമുണ്ടായി രതീഷിന്. നായകനായി വന്നു നല്ല അഭിനയം കാഴ്ച വച്ചിട്ടും അവസാനകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോയെന്നു സംശയം. കമ്പത്ത് 250 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി നടത്തിയിരുന്നു. പക്ഷേ പലിശയ്ക്കൊക്കെ പണം വാങ്ങി കൃഷി ചെയ്താല്‍ ലാഭം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ഇതൊക്കെ നിയോഗമാണ്. ഇവിടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യമാണ് ഞാനടക്കമുള്ളവര്‍ അറിയേണ്ടത്. അക്കാര്യത്തില്‍ മമ്മൂട്ടിയെ കണ്ടു പഠിക്കണം. തുടക്കത്തില്‍ ചെറിയ വേഷത്തില്‍ സിനിമയില്‍ എത്തിയ ആളാണ്. പക്ഷേ ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്നു സ്വപ്നം കണ്ട് അതിനായി വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നേറി.
വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ എത്തുമ്പോള്‍ തോന്നിയ വ്യത്യാസമെന്താണ്?
എവിടെ ചെന്നാലും അതിനോട് യോജിച്ചു പോകുന്ന ആളാണ് ഞാന്‍. അന്നൊക്കെ പരസ്പരം അല്പം കൂടി അടുപ്പമുണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ട്. 'അനാവരണ'ത്തിന്റെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ വിന്‍സെന്റ്മാസ്റ്റര്‍ എന്നെ നസീര്‍ സാറിന് പരിചയപ്പെടുത്തി. അന്നു തന്നെ അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടുപോയി ആഹാരമൊക്കെത്തന്നു. അന്നു താരങ്ങള്‍ തമ്മില്‍ ഇത്രയും വേര്‍തിരിവുണ്ടായിരുന്നില്ല.അന്നു എ,ബി,സി തിയറ്ററുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു അത്തരം തീയേറ്ററുകള്‍ ഇല്ല. പകരം ആ വ്യത്യാസം താരങ്ങള്‍ക്കിടയില്‍ ഉണ്ട്. ഒരു കണക്കിന് അതു ആവശ്യമാണ്. സിനിമയില്‍ മാര്‍ക്കറ്റുളള താരത്തെ അംഗീകരിക്കാതെ തരമില്ല. ഞാന്‍ 'കമ്പോളം 'എന്ന ചിത്രം എടുത്തപ്പോള്‍ ഞാന്‍ അഭിനയിച്ചില്ല. പകരം അന്നു മാര്‍ക്കറ്റുള്ള ബാബു ആന്റണിയെ അഭിനയിപ്പിച്ചു.പണ്ടൊക്കെ ഒരു അംബാസിഡര്‍ കാറില്‍ കുറേ താരങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു യാത്ര ചെയ്യും. ഒരു റൂമില്‍ കുറേ താരങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തയാറായിരുന്നു. ഇന്നു എത്രയോ വലിയ മുറിയില്‍ പോലും ഒരാള്‍ ഒറ്റയ്ക്കേ താമസിക്കൂ.ഇതു സിനിമയില്‍ മാത്രമല്ല. കുടുംബത്തിലേയും അവസ്ഥ ആണെന്നു തോന്നുന്നു. താമസത്തില്‍ മാത്രമല്ല ആഹാരത്തിലും ഇന്നു പോഷ്നെസാണ്. രാവിലെ പണ്ടൊക്കെ ഒരു വിഭവമാണ് വിളമ്പുക. ഇന്നു അതിനു പകരം കുറഞ്ഞത് അഞ്ച് വിഭവം കാണും. പൂരി,ഇഡ്ഡ്ലി,ഉപ്പുമാവ്,,ഏത്തപ്പഴം പുഴുങ്ങിയത്,മുട്ട...
പുതിയ ജനറേഷനിലെ ബന്ധങ്ങളില്‍ കാണുന്ന മാറ്റമെന്താണ്?
അവരില്‍ വാടാ പോടാ ബന്ധമാണ്. പണ്ടൊക്കെ ഒരു സുന്ദരിയെ കണ്ടാല്‍ നോക്കാന്‍ തന്നെ പേടിയാണ്. അവളുടെ ഒരു നോട്ടം കിട്ടിയാല്‍ വലിയ സന്തോഷം. അറിയാതെ എങ്ങാനും തൊടാന്‍ കഴിഞ്ഞാല്‍ പിന്നെ ഒരാഴ്ചത്തേക്ക് ഉറക്കം കൂടി വരില്ല. ഇന്നവര്‍ അത്തരം സ്നേഹത്തിലൊന്നും മനസ് ചേര്‍ത്തുവയ്ക്കുന്നില്ല.
സമൂഹത്തെ ഉറ്റുനോക്കുന്ന ഒരു മനസുണ്ട് താങ്കള്‍ക്ക്.?
നന്നായി വായിക്കുന്നതു കൊണ്ട് വായനയില്‍ നിന്നു പറയാം. ഇന്നു പത്രം തുറന്നാല്‍ എല്ലാം നെഗറ്റീവ് സ്റ്റോറിയാണ്. നെഗറ്റീവ് ജേര്‍ണലിസം. ഇതു കണ്ടോ ഇന്നത്തെ ഒരു വാര്‍ത്ത. ഹര്‍ത്താല്‍ പാടില്ലായിരുന്നെന്ന് ഫെയ്സ് ബുക്കില്‍ ലൈക്ക് ചെയ്ത പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാട്ടാന കുത്തി യുവാവ് കുഴിയില്‍ വീണു മരിച്ചു. പിന്നെ കുറേ കപടസദാചാര വാര്‍ത്തകളും. ഒരു രാഷ്ട്രീയ നേതാവ് ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്താലുടന്‍ കുറേപ്പേര് പിന്നാലെ പോകുന്നു. അതു മുന്‍ പേജില്‍ വാര്‍ത്ത ആക്കുന്നു. ഇപ്പോള്‍ ഈഹോട്ടല് മുറിയില്‍ എന്റെ അഭിമുഖം എടുക്കാനെത്തിയ വനിതാ ജേര്ണലിസ്റ്റിനെ വേണമെങ്കില്‍ പിടിക്കാം. ചുമ്മാ കള്ള വാര്‍ത്തയുണ്ടാക്കുന്ന അവസ്ഥ മാറാന്‍ പത്രപ്രവര്‍ത്തകര്‍ സ്വയം തീരുമാനിക്കണം.
മലയാളസിനിമയിലെ എക്കാലത്തേയും സുന്ദരിയായ നായിക ജയഭാരതിയെ ജീവിതസഖിയാക്കാന്‍ കഴിഞ്ഞയാളാണ് താങ്കള്‍?
ആ വിവാഹം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. അക്കാര്യത്തില്‍ പലതരം എതിര്‍പ്പ് നേരിട്ടിട്ടുണ്ട്. നായകനായി അഭിനയിക്കാനിരുന്ന വേഷങ്ങളില്‍ നിന്നു പോലും എന്നെ നീക്കം ചെയ്തു.
ജയഭാരതിയുമായുളള ആദ്യ അഭിനയം ?
ബീന എന്ന ചിത്രത്തില്‍. മദ്രാസില്‍ വച്ചാണ് ഷൂട്ടിംഗ്. അവര്‍ അന്നേ വലിയ നടിയാണ്. അവരെ കെട്ടിപ്പിടിച്ചു അഭിനയിക്കേണ്ട രംഗം.എനിക്ക് സത്യത്തില്‍ പേടിയായിരുന്നു. ഞാന്‍ മടിച്ചു മടിച്ചാണ് ഭാരതിയെ പിടിച്ചത്. അപ്പോള്‍ ഭാരതി പറഞ്ഞു 'എന്തിനാണ് പേടിക്കുന്നത്. മുറുക്കിപ്പിടിച്ച് അഭിനയിച്ചോളൂ.'' എന്ന്. അപ്പോഴാണ് എനിക്ക് ധൈര്യം വന്നത്. അന്നു ഷൂട്ടിംഗ് കഴിഞ്ഞ് ഭാരതിയുടെ അംബാസിഡറില്‍ ഭാരതിയുടെ സഹോദരനാണ് എന്നെ താമസസ്ഥലത്ത് കൊണ്ടാക്കിയത്. ആദ്യ ദിവസമേ എന്നെ ഒരു സുഹൃത്തായി പരിഗണിച്ചിരിക്കണം ഭാരതി. അല്ലെങ്കില്‍ എന്നെപ്പോലൊരു പുതുമുഖത്തെ ഒപ്പം കാറിലൊക്കെ കയറ്റുമോ അത്രയും പ്രശസ്തയായ നടി.
കെട്ടിപ്പിടിച്ചു അഭിനയിക്കുന്നതിലൊക്കെ ഒരു ചമ്മല്?
അതു ഭാരതിയുടെ അടുത്തേ തോന്നിയുള്ളൂ. എന്റെ രണ്ടാമത്തെ ചിത്രമായ 'യത്തീ'മില്‍ വിധുബാലയായിരുന്നു നായിക. അവരെ കെട്ടിപ്പിടിക്കുന്ന സീനില്‍ ഞാന്‍ മുറുക്കിപ്പിടിച്ചു.അപ്പോള്‍ വിധുബാല ചോദിച്ചു. ''എന്തിനാ ഇത്രയും ശക്തിയായി കെട്ടിപ്പിടിക്കുന്നത്. നസീര്‍ സാര്‍ ഒന്നും ഇങ്ങനെ പിടിക്കില്ല. ''ഞാന്‍ പറഞ്ഞു ''നസീര്‍ സാറിന്റെ പ്രായം എന്താണ് .എന്റെ പ്രായം എന്താണ്''
ജയഭാരതിയുമായുള്ള പ്രണയം?
ഒരു പാട് ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ചു .ആദ്യം അഭിനയിച്ച ചിത്രമാണ് ബീന. നന്നായി സംസാരിക്കുമായിരുന്നു ഞങ്ങള്‍. അങ്ങനെ അടുത്തു.
എന്തായിരുന്നു നിങ്ങള്‍ക്കിടയിലെ പൊതുതാല്പര്യം...വായന?
ഭാരതി അധികം പഠിച്ചിട്ടില്ല. നൃത്തമായിരുന്നു അവള്‍ക്ക് പ്രധാനം. നല്ല അധ്വാനശീലയായിരുന്നു. ജീവിതത്തെ വളരെ സീരിയസായി കണ്ടിരുന്നവള്‍. ഒരുപക്ഷേ ഒമ്പതാം വയസുമുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാവാം ആ സീരിയസ് മനസ് ഉണ്ടായത്. സഹോദരിമാരെ കല്യാണം കഴിപ്പിച്ചു കൊടുക്കുക,സഹോദരന്മാര്ക്ക് ബിസിനസ് തുടങ്ങിക്കൊടുക്കുക അടക്കം കുറേ ഉത്തരവാദിത്വങ്ങളിലായിരുന്നു ഭാരതി. ഞങ്ങള്‍ ഏകദേശം ഒരേ പ്രായക്കാരായിരുന്നെങ്കിലും എനിക്ക് ഭാരതിയുടെ അത്ര അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.
''ഒരിക്കലും സിനിമയെ ഞാന്‍ സീരിയസായി കണ്ടിട്ടില്ല. തൊഴില്‍ എന്നതിനപ്പുറം എനിക്ക് സിനിമ ഒന്നുമല്ല'' എന്നു പറഞ്ഞിട്ടുണ്ട് ജയഭാരതി?
ശരിയായിരിക്കാം. ഒരിക്കലും സിനിമ ഭാരതിയ്ക്ക് പാഷനായിരുന്നില്ല. എന്നാല്‍ നൃത്തത്തോട് ആ പാഷനുണ്ടായിരുന്നു. ആ മനസ് തന്നെയായിരുന്നു അക്കാലത്ത് എനിക്കും. സിനിമയെ ആത്മാര്‍ത്ഥമായി കാണാന്‍ കഴിഞ്ഞില്ല. ഒരു കല്ലു പോലെയാണ് അഭിനേതാവ്. വൈരമാകണമെങ്കില് തഴക്കം ആവശ്യമാണ്.അന്നു അത്ര തഴക്കം ലഭിക്കാനായി കാത്തിരുന്നില്ല ഞാന്‍.
ഭാര്യമാരുടെ ഉപദേശം മൂലം പലരും കൂടുതല്‍ സീരിയസാകുക പതിവാണ്?
എന്റെ 27-ാം വയസിലാണ് വിവാഹം. സിനിമയെ സീരിയസായി കാണണമെന്ന് പുള്ളിക്കാരി ഉപദേശിച്ചിട്ടുണ്ടാവും. അന്നു അതൊന്നും കേള്‍ക്കാന്‍ തോന്നിയിട്ടുണ്ടാവില്ല.
ഭാരതിയെ പോലൊരു താരം താങ്കളെപ്പോലൊരു താരത്തെ പ്രണയിച്ചു വിവാഹം കഴിക്കുന്നത് അവിശ്വസനീയമെന്നു തോന്നിയവരാണ് പലരും.?
ഉണ്ട്. അസൂയപ്പെട്ടിട്ടുണ്ടാവാം. പ്രേംനസീറിനൊപ്പം ''മുല്ലപ്പൂം പല്ലിലോ മുക്കുറ്റികവിളിലോ അല്ലിമലര്‍ മിഴിയിലോ ഞാന്‍ മയങ്ങി...'എന്നുള്ള ഗാനരംഗത്ത് ഒരു പ്രത്യേക വസ്ത്രത്തിലാണ് ജയഭാരതി. ആ ഗാനരംഗത്തില്‍ ഭാരതിയുടെ അരക്കെട്ട് കണ്ട് കൊതിച്ചിട്ടുണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇഷ്ടം വിവാഹത്തില്‍ എത്തിയത്?
1979 ലാണ് വിവാഹം. അന്നു മദ്രാസില്‍ സ്വാമീസ് ലോഡ്ജിലാണ് ഞാന്‍ താമസിച്ചിരുന്നത്. വിവാഹശേഷം ഭാരതിയുടെ വീട്ടില്‍ താമസിച്ചു.
ഇന്നും ജയഭാരതിയുടെ അത്ര സൗന്ദര്യമുള്ള നടികള്‍ ഇല്ലായെന്നു പറയാറുണ്ട് ..?
സൗന്ദര്യമെന്നു പറഞ്ഞാല്‍... നല്ല ആര്‍ട്ടിസ്റ്റായിരുന്നു അവര്‍. നല്ല സൈസ് ഉണ്ടായിരുന്നു. നല്ല ബോഡിഷെയ്പ്പും.
സാരിയുടുക്കുമ്പോള്‍ വല്ലാത്തൊരു സൗന്ദര്യമുണ്ട് ജയഭാരതിയില്‍?
നാടന്‍ വേഷങ്ങള്‍ ഭാരതിക്ക് നന്നായി ചേരുമായിരുന്നു. പിന്നെ സാരിയും. മേഡേണ്‍ വസ്ത്രങ്ങള്‍ തീരെ ഇണങ്ങില്ലായിരുന്നു. പൊക്കമില്ലാത്തതായിരുന്നു കാരണം.
ഇഷ്ടമുള്ള നടിയും ഭാരതിയോ?
അല്ല. എനിക്കിഷ്ടം ശാരദയുടെ സൗന്ദര്യമായിരുന്നു. അവര്‍ക്ക് ഒരു മലയാളിത്തമുള്ള മുഖമുണ്ടായിരുന്നു.
അത്ര സുന്ദരിയായ നടിയേയാണ് താങ്കള്‍ തട്ടിക്കൊണ്ടു പോയത്?
തട്ടിക്കൊണ്ടു പോകലായിരുന്നില്ല. അതുതെറ്റായ വ്യാഖ്യാനമാണ്. സ്നേഹത്തോടെ ഒരു പെണ്ണിന്സംരക്ഷണം കൊടുക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. ആ സംരക്ഷണം ഭാരതിക്ക് അന്ന് ആവശ്യമായിരുന്നു. ഭാരതിയുടെ ജീവിതം എന്താണെന്നു എന്നോട് പറഞ്ഞപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും വിശ്വസിക്കാമെന്നു തോന്നി. കൂടുതല്‍ അടുത്തത് ഭാരതിയായിരുന്നു. 'ഇയാള്‍ കൊള്ളാം. നോക്കിക്കൊള്ളുമെന്ന്' ഭാരതിക്ക് തോന്നിക്കാണും.
ആരോരുമറിയാതെ ഒരു വിവാഹം?
ഞങ്ങള്‍ മൂന്നു കല്യാണം കഴിച്ചു വിവാഹം നല്ല സ്ട്രോങ്ങാക്കി. ആദ്യം രജിസ്റ്റര്‍ മാര്യേജ് നടത്തി. അതു പത്രത്തിലൊക്കെ വന്നു.പിന്നെ എന്റെ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ ''ശരി നീ വീട്ടില്‍ വിളിച്ചുകൊണ്ടു വരാന്‍ ''പറഞ്ഞു. അങ്ങനെ വീട്ടില്‍ വിളിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ രീതിയില്‍ നിക്കാഹ്. പേരിലൊന്നും കാര്യമില്ലെങ്കിലും ''നസീറ' എന്ന പേര് ചൊല്ലിയാണ് നിക്കാഹ് നടത്തിയത്. ഭാരതി ക്രിസ്ത്യന്‍ വിശ്വാസിയായിരുന്നു. അതുകൊണ്ട് പള്ളിയില്‍ വച്ചും ഞങ്ങള്‍ വീണ്ടും മിന്നുകെട്ട് നടത്തി. ഞങ്ങള്‍ക്കെന്താ കുഴപ്പം. ബന്ധം കൂടുതല്‍ സ്ട്രോങ്ങായിരിക്കട്ടെയെന്നു വച്ചു.
എന്നിട്ടും അകന്നു ജീവിക്കുന്നു?
അതിന്റെ കാരണം കണ്ടു പിടിക്കാന്‍ എളുപ്പമല്ലേ. ഭാരതി അല്പം ഉത്തരവാദിത്വബോധം കൂടുതല്‍ ഉള്ളയാളാണ്. നമ്മളെ എങ്ങോട്ടും അനക്കില്ല. എങ്ങോട്ടുപോയാലും നമ്മളെ ആരെങ്കിലും നശിപ്പിക്കുമോയെന്ന ഭയമാണ്.അപ്പോള്‍ കുറേ പരിധികള്‍ വയ്ക്കും. അതു ഭാരതിയുടെ കുഴപ്പമല്ല. വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നയാളാണ് ഭാരതി. 12-13 വയസുള്ളപ്പോള്‍ അമ്മയോടൊപ്പം മദ്രാസില്‍ ചെല്ലുന്ന പെണ്‍കുട്ടി എന്തു പ്രതിബന്ധങ്ങള്‍ നേരിട്ടിട്ടുണ്ടാവും. അതാണ് ഭാരതിയുടെ പ്രശ്നം. അതുകൊണ്ടാവും ആരെങ്കിലും നമ്മളെ ചതിക്കുമോ എന്ന ആകുലത കൂടുതലായിരുന്നു ഭാരതിക്ക്. അതുകൊണ്ട് എന്റെ മേല്‍ കുറേ കാര്‍ക്കശ്യം കാട്ടും. സ്നേഹിക്കുന്നവരെ ഒക്കെ തന്നിലേയ്ക്കു ചേര്‍ത്തുവയ്ക്കും. പക്ഷേ കുറേക്കഴിയുമ്പോള്‍ ആരാണെങ്കിലും കുടഞ്ഞു പോയിരിക്കും.
കുടഞ്ഞു പോയവരില്‍ താങ്കളും ?
അതെ. പക്ഷേ അതു പാടില്ലായിരുന്നു. ഇന്ന് ഓര്‍ത്താല്‍ ഭാരതിയെ അതില്‍ തെറ്റു പറയാന്‍ പറ്റില്ല. പക്ഷേ അന്നു അതു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാരണം അന്നു ഭാരതിക്കു ഒരു ജീവിതം കൊടുത്തെന്ന ബോധമാണ് എന്നെ ഭരിച്ചത്. സത്യത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്ന ചെറിയ കാര്യങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. ഇരുന്നു സംസാരിച്ചാല്‍ തീര്‍ക്കാന്‍ പറ്റുന്ന പ്രശ്നങ്ങളായിരുന്നെന്ന് ഇന്നു തോന്നാറുണ്ട്. പല യുദ്ധങ്ങള്‍ പോലും അങ്ങനെയല്ലേ. വളരെ ചെറിയ പ്രശ്നങ്ങള്‍ക്കുവേണ്ടി എത്ര ജീവനാണ് കുരുതി കൊടുക്കുന്നത്.
ഇപ്പോഴും ഭാരതിയെ സ്നേഹിക്കുന്ന വികാരമുണ്ട് വാക്കുകളില്‍?
ഇന്നും ഭാരതിയെ ആണ് എനിക്കിഷ്ടം. എപ്പോഴും ആദ്യത്തെ പ്രണയവും സ്നേഹവും മറക്കാന്‍ കഴിയുമോ. ആ ബന്ധത്തിലാണ് എന്റെ മകന് ഉണ്ണി ജനിക്കുന്നതും.
അച്ഛനും അമ്മയ്ക്കും പിന്നാലെ മകന് ഉണ്ണിയും സിനിമയില്‍ എത്തുന്നു?
അതെ . സിദ്ദിഖിന്റെ സിനിമയില്‍. അവന് എം.ബി.എ യ്ക്കു ലണ്ടനില്‍ പഠിച്ചു. അമേരിക്കയില്‍ ആക്ടിംഗ് കോഴ്സ് പഠിച്ചു. അഞ്ചുവര്‍ഷം മുമ്പ് തമിഴില്‍ നിന്നും അവന് ഓഫര്‍ വന്നതാണ്. അന്നു ഭാരതി വിട്ടില്ല. എന്നോട് കാണിച്ച അതേ പൊസസീവ്നെസ് കാണിച്ചു. അവനെ ആരെങ്കിലും വഷളാക്കിയാലോ എന്ന ഭയം. കണ്ണേ കണ്ണേ എന്നു പറഞ്ഞാണ് ഭാരതി അവനെ വളര്‍ത്തുന്നത്. എന്റെ കാര്യത്തിലെന്ന പോലെ അവന്റെ കാര്യത്തിലും വലിയ പൊസസീവാണ് ഭാരതി..എന്റെ ഈ വരവിനു ശേഷമുള്ള അവന്റെ വരവ് എന്നേയും ആനന്ദിപ്പിക്കുന്നു.
മകന്റെ പേര് വാര്‍ത്തകളില്‍ ക്രിഷ് ?
അബ്ദുള്‍ ഖാദര്‍ സത്താര്‍ ഉണ്ണിയെന്നാണ് അവന് പേരിട്ടത്. എന്റെ അച്ഛന്റെ പേരാണ് ഖാദര്‍. പക്ഷേ പിന്നീട് ഉണ്ണി ആ പേരൊന്നു പരിഷ്ക്കരിച്ചു. ക്രിഷ്.ജെ.സത്താര്‍. ലണ്ടന്‍ സ്റ്റയിലില്‍ ഉണ്ണിയെന്നത് കൃഷ്ണനാക്കി. അതില്‍ ഒരു സ്റ്റയിലുണ്ടാക്കിയതാവാം ക്രിഷ്. ജെ എന്നാല്‍ ഭാരതി.
ഭാര്യയേയും മകനേയും പിരിഞ്ഞ് ഇത്രനാള്‍.... വിഷമം തോന്നുന്നില്ലേ?
തീര്‍ച്ചയായും. മക്കള്‍ എപ്പോഴും അച്ഛന്റേയും അമ്മയുടേയും കൂടെ വേണം ജീവിക്കാന്‍. ഒരുപക്ഷേ ആ വിഷമമായിരിക്കും എന്നെ സിനിമയില്‍ നിന്നു പോലും അകറ്റിനിര്‍ത്തിയത്. ഇത്രയും സ്നേഹിച്ചിട്ട് ഇങ്ങനെ സംഭവിച്ചല്ലോ എന്നോര്‍ത്തു ജീവിതത്തോട് ഒരു വെറുപ്പ്. അഭിനയിക്കാന്‍ കൊടുക്കുന്ന ഡേറ്റ് തെറ്റിക്കാറില്ല എന്നതു ഉള്‍പ്പെടെ സിനിമയില്‍ ഞാന്‍ കാണിച്ച അതേ സത്യസന്ധത ഭാര്യയോടും എനിക്കുണ്ടായിരുന്നു. സത്യസന്ധത ശ്രദ്ധിക്കപ്പെട്ടില്ലല്ലോ...... ഇങ്ങനെ സംഭവിച്ചല്ലോയെന്ന സങ്കടം.
മദ്രാസ് ഉപേക്ഷിച്ചതു ഓര്‍ത്താല്‍?
അങ്ങനെയൊന്നും ഓര്‍ക്കാറില്ല . അതും സംഭവിച്ചു എന്നു മാത്രം.
എങ്കിലും മകന്റെ കുട്ടിക്കാലം അടുത്തു കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം?
രണ്ടു വയസുവരെ ഞാന്‍ അവനെ നന്നായി നോക്കി വളര്‍ത്തി. പിന്നെ ഞാന്‍ നാട്ടില്‍ വന്നു. ഇവിടെ എന്നെ ശ്രദ്ധിക്കാന്‍ ആരുമില്ലാതെ ഞാന്‍ അല്പം നശിച്ചുപോയിട്ടുണ്ടാവാം.കുറച്ചു ഉഴപ്പിയിട്ടുണ്ടാവാം. എങ്കിലും ഇന്നു വരെ ഞാന്‍ ഒറ്റയ്ക്കാണ്. പിന്നെ മക്കള്‍ക്കൊപ്പം എപ്പോഴും അച്ഛനും അമ്മയും ആവശ്യമല്ലേ.ഞങ്ങള്‍ക്കത് കഴിഞ്ഞില്ലല്ലോ.
ഉണ്ണി ജനിച്ച ദിവസം ഓര്‍ത്താല്‍?
പ്രസവം നോര്‍മ്മലായിരുന്നു. പക്ഷേ പാതിവഴിയില്‍ കുഞ്ഞ് വന്നിട്ടു വീണ്ടും ഉള്ളിലേക്കു പോയതിനാല്‍ സിസേറിയന് നടത്തി. കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ആദ്യം ഭാരതിയേയാണ് കണ്ടത്. പാവം ഭാരതിയെ കീറിമുറിച്ചല്ലോയെന്നതായിരുന്നു എന്റെ സങ്കടം.
ഒരു അഭിമുഖത്തില്‍ ജയഭാരതി പറഞ്ഞിട്ടുണ്ട് ഞാനിന്നും സത്താറിന്റെ ഭാര്യയാണ്... വിവാഹമോചനം നേടിയിട്ടില്ല.?
അത്ര പെട്ടെന്ന് വേര്‍പെടാന്‍ പറ്റില്ലല്ലോ. മൂന്നു പ്രാവശ്യം സ്ട്രോങ്ങാക്കിയതല്ലേ. (തമാശ പറഞ്ഞന്ന പോലെ ചിരിക്കുന്നു)
എങ്കിലും ഉണ്ണിയെ മിസ് ചെയ്യാറില്ലേ?
അവന് ആലുവയിലെ വീട്ടില്‍ വരാറുണ്ട്. ഞാന്‍ മദ്രാസിലും പോകും. എനിക്ക് സ്നേഹം ഇഷ്ടമാണ്. സ്നേഹിക്കാനും ഇഷ്ടമാണ്. പക്ഷേ സ്നേഹം തിരിച്ചുകിട്ടിയില്ലെങ്കില്‍ വലിയ വിഷമമാണ്. അപ്പോള്‍ വിവേകത്തേക്കാള്‍ വികാരമാണ് നമ്മെ ഭരിക്കുന്നത്. അപ്പോഴാണ് വഴക്കുണ്ടാകുന്നതും. ദൂരെ നില്ക്കുമ്പോള് ഇപ്പോഴും ഞങ്ങള്‍ സ്നേഹത്തിലാണ്. പക്ഷേ അടുത്തു വരുമ്പോള്‍ കീരിയും പാമ്പുമാകും.അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭാരതി എന്നോട് കാര്യങ്ങള്‍ പറയുമ്പോള്‍ അതു ഉപദേശമാണെന്നു ധരിച്ചു ദേഷ്യം തോന്നും.
ഭാര്യയുമായി സംസാരിക്കാറുണ്ട്.?
മകന്റെ കാര്യങ്ങളൊക്കെ സംസാരിക്കും .ഞാനൊരിക്കലും മകനെ ഉപദേശിക്കാറില്ല. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജയഭാരതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.?
ഇപ്പോള്‍ അല്പം വണ്ണം വച്ചു. എന്നാലും മുടങ്ങാതെ പ്രാക്ടീസ് ചെയ്യാറുണ്ട്. മുടങ്ങാതെ ചെയ്യുന്ന മറ്റൊരു കാര്യം ക്ഷേത്രദര്‍ശനമാണ്. അമ്പലത്തില്‍ പോകാന്‍ വേണ്ടി മാത്രം കോയമ്പത്തൂരില്‍ ഒരു വീട് വച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ മരുതമലയിലെ മുരുകന്റെ ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടി മാത്രമാണ് മരുതമലയുടെ താഴെ ഒരു വീട് വച്ചത്. ചോറ്റാനിക്കരയിലും ഗുരുവായൂരും വന്നു തൊഴാറുണ്ട്.
ജയഭാരതിയുടെ ഗ്ലാമര്‍ ജീവിതമെന്തായിരുന്നു?
ഭാരതി ശരിക്കും ജീവിച്ചിട്ടില്ലായെന്നേ ഞാന്‍ പറയൂ. സെറ്റില്‍ നിന്നു സെറ്റിലേക്കു പറന്നു നടക്കുകയായിരുന്നു. പിന്നെ വീട്ടില്‍ വന്നാല്‍ വീടുകൊണ്ടു തന്നെ കഴിയും. പുറത്തുപോകാന്‍ തീരെ താല്പര്യമില്ല.
വിവാഹജീവിതത്തിന്റെ കെട്ടുറപ്പിന് ആവശ്യം വേണ്ടത് എന്താണ്?
ചേര്‍ച്ച. ചേരേണ്ടത് തമ്മില്‍ ചേര്‍ന്നാലേ അതിനു ഭംഗിയും നിലനില്പ്പുമുണ്ടാകൂ. ആദ്യം തോന്നും നല്ല ചേര്‍ച്ചയാണെന്ന്. പിന്നെ ചെറിയ അകല്‍ച്ച. പീന്നീട് വലിയ വിള്ളലിലേയ്ക്കുപോകാന് ബുദ്ധിമുട്ടില്ല. ഇതിനാല്‍ പരസ്പരം ഒത്തുപോരുന്ന ബന്ധത്തിലേ മനസ് ചേര്‍ക്കാവൂ. ഞാന്‍ മകനോടും പറയാറുണ്ട്. ബാപ്പയ്ക്കു പറ്റിയ അബദ്ധം നിനക്ക് പറ്റരുത്.നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാം. പക്ഷേ പരസ്പരം പൊരുത്തപ്പെട്ടു പോകുന്ന പശ്ചാത്തലംനിങ്ങള്ക്കുണ്ടാകണം. വിവാഹജീവിതത്തില്‍ എല്ലാവരും അടയ്ക്കാമരം പോലെയാകണം. അടുത്ത മരത്തിലേക്ക് കയറാന്‍ ചാഞ്ഞുകൊടുക്കാന്‍ കഴിയുന്നുണ്ട് അടയ്ക്കാമരത്തിന്.
ജീവിതത്തിലെ വലിയ സങ്കടം?
അത്ര വലിയ സങ്കടമുള്ള ആളല്ല ഞാന്‍. ഇടയ്ക്കു ഭാരതി വിളിച്ച് അന്വേഷിച്ചില്ലെങ്കില്‍ സങ്കടം. എന്നും മകന് വിളിച്ചില്ലെങ്കില്‍ വിഷമം.... ആ സങ്കടത്തിന് അധികം ആയുസില്ല. ദു:ഖമുള്ളത് പത്രം വായിക്കുമ്പോഴാണ്. കൂടുതലും സന്തോഷവാനാണ് ഞാന്‍. എനിക്കൊപ്പം സിനിമയില്‍ ഉണ്ടായിരുന്ന പലരും ഇന്നു സിനിമയിലില്ല. മനസില്‍ നന്മയുണ്ടെങ്കില് ഉറപ്പായും ദൈവം കൈവിടില്ലെന്നത് എന്റെ അനുഭവമാണ്.
ചിലര്‍ മരണത്തിലൂടെയും അകന്നിരിക്കുന്നു?
അങ്ങനെ ഞാന്‍ ഓര്‍ക്കുന്ന ഒരാള്‍ നടന് എന്‍.എഫ് വര്‍ഗീസാണ്. ഞങ്ങള്‍ പ്രീഡിഗ്രിക്ക് ആലുവ യു.സി കോളജില്‍ ഒന്നിച്ചാണ് പഠിച്ചത്. അവന്റെ ജീവിതം തന്നെ അഭിനയത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു. അവനാണ് ആദ്യമായി എന്നെ സ്റ്റേജില്‍ കയറ്റുന്നത്. എന്നാലും ആദ്യം സിനിമയില്‍ നായകനായി ഞാന്‍ എത്തി. പിന്നീട് എത്രയോ കഴിഞ്ഞ് 'ആകാശദൂതിലൂടെ' ആണ്വര്ഗീസിന് സിനിമയില്‍ എത്താന്‍ കഴിഞ്ഞത്. ഇതുകൊണ്ടാണ് നിയോഗത്തില്‍ ഞാന്‍ വിശ്വസിക്കുന്നത്.
എന്താണ് ജീവിതത്തിലെ വലിയ അനുഭവം?
ഭാരതിയേക്കാള് വലിയ അനുഭവമുണ്ടോ?ഭാരതിയാണ് ആദ്യമായി എനിക്ക് പ്രണയം തന്നത്. എന്റെ മകന് ജന്മം നല്‍കിയത്. ചെറുതെങ്കിലും ഭാരതിക്കൊപ്പമുള്ള ജീവിതമാണ് എന്റെ വലിയ അനുഭവം.
രശ്മി രഘുനാഥ്
ഫോട്ടോ: ജി. വിപിന്‍കുമാര്‍






