
നായകനായും പിന്നീട് ശക്തനായ വില്ലനായും മലയാള സിനിമയെ അതിശയിപ്പിച്ച നടനായിരുന്നു സത്താര്‍. മലയാളത്തിലെ പ്രിയ നായികയായിരുന്ന ജയഭാരതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. യഭാരതി സത്താര്‍ എന്നാണ് ഇരുവരെയും ചലച്ചിത്രലോകവും ആരാധകരും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴും ആ താരജോഡികളെ വാക്കുകളാല്‍ പിരിക്കാത്ത പ്രേക്ഷകരുണ്ട്.
ഇവരുടെ വിവാഹമോചനത്തിന് ശേഷവും ആ പേര് അങ്ങനെ തന്നെ തുടര്‍ന്നു. വേര്‍പിരിഞ്ഞതിന് ശേഷവും സത്താര്‍ ജയഭാരതിയെക്കുറിച്ച് ഏറെ ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്. സത്താറിന്റെ വിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ട് ചലച്ചിത്രനിരൂപകനും നിരീക്ഷകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ കെജെ സിജു ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശേദ്ധേയമാകുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
95-98 കാലത്താണ്. ഞാന്‍ എറണാകുളത്ത് പേജിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാള്‍ വരുന്നു.
'ഞാന്‍ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന..'
ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.
ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാന്‍. ആളറിയാനാണ്.
ഫോണിന്റെ മറുവശത്ത് ഉച്ചത്തില്‍ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താര്‍ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാന്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് അതാണെന്ന് ഞാന്‍.
പിന്നീട് ഇടക്കൊക്കെ സത്താര്‍ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു.
ഇപ്പൊ ഇതാ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സത്താറിന്റെ മരണവാര്‍ത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെയാ പൊട്ടിച്ചിരി കാതില്‍ മുഴങ്ങുന്നു.
സത്താറിന് ആദരാഞ്ജലി.






