
ബെംഗളൂരു: ബംഗ്ലൂര് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമാകുന്നതായി റിപ്പോര്‍ട്ട്. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്ന്ന്ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മദനിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അസുഖം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് മദനിയെ പൊലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഈ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മദനിയെ ചികിത്സയ്ക്കായി സാമെന്തനഹള്ളിയിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ജൂലൈയില്‍ വൈദ്യസഹായത്തിനായി സുപ്രീംകോടതി ഉപാധികളോടെ മദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കാവലില്‍ ബംഗലുരുവിലെ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായിട്ടാണ് മദനി കഴിയുന്നത്.
കേസില്‍ വിചാരണ നീളുന്നത് അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നല്കുന്നതില് തടസ്സമുണ്ടാക്കുന്നു എന്നാണ് പിഡിപിയുടെ ആരോപണം. വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ നേരത്തേ നല്കിയി ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.






