
18 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ അത്ഭുതതാരമായി മാറുകയായിരുന്നു ഹിമ ദാസ്. ചെക് റിപ്പബ്ലിക്കിലെ നോവ്മെസ്റ്റോയില് നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഈ പത്തൊമ്പതുകാരി അവസാനത്തെ സ്വര്‍ണം നേടിയത്.
52.09 സെക്കന്‍ഡിലാണ് ഹിമ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണമാണിത്.
ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും സ്വര്‍ണം! 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്.
ആറ് ദിവസത്തിനു ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്നോ അത്ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ ടബോര്‍ അത്ലറ്റിക് മീറ്റിലും അസമിന്റെ പ്രിയ മുത്ത് സ്വര്‍ണം നേടി.
സിനിമയെ വെല്ലും ജീവിതം
ഒരു സാധാരണ കര്‍ഷകന്റെ മകളില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനമായ കായിക താരത്തിലേക്കുള്ള ഹിമയുടെ വളര്‍ച്ചയ്ക്കു പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും സ്വപ്നങ്ങളുടേയും കഥയാണ്. അസമിലെ നഗോവാനില് 2000 ജനുവരി ഒന്‍പതിന് ജോനാലി - രന്‍ജിത്ത് ദാസ് ദമ്പതികളുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായാണ് ഹിമ ജനിച്ചത്.
പതിനേഴുപേരടങ്ങുന്ന കൂട്ടുകുടുംബം. അവിടുത്തെ കുട്ടികള്‍ക്കിടയില്‍ എന്നും ഹിമ വ്യത്യസ്തയായിരുന്നു. പതിനഞ്ചാം വയസില്‍ ഗ്രാമത്തിലെ വനിതകളെ വിളിച്ചു കൂട്ടി പ്രദേശത്തു നടന്ന അനധികൃത മദ്യക്കച്ചവടത്തിനെതിരെ ശബ്ദമുയര്‍ത്തിയത് ഹിമയാണ്.
ഫുട്ബോളിനോട് അതിയായ താത്പര്യമുണ്ടായിരുന്നു ഹിമയ്ക്ക്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ പെണ്‍കുട്ടികള്‍ ഫുട് ബോള്‍ കളിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല തെറ്റായി കാണുകയും ചെയ്തിരുന്നു. തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ അനുമതി ഇല്ലായിരുന്നെങ്കിലും ഗോള്‍ പോസ്റ്റിനു പിന്നില്‍ മറഞ്ഞു നിന്ന് ബോള്‍ അരികിലേക്കു വരുമ്പോള്‍ തട്ടിയിട്ട് മറ്റുള്ളവര്‍ കാണുന്നതിനു മുന്‍പ് ഒളിച്ചു നിന്ന് ഹിമ ഫുട്ബോളിനെ സ്നേഹിച്ചു.
ഒരിക്കല്‍ ഗ്രാമത്തില്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ തന്നേയും കൂടി കളിക്കാന്‍ വിടണം എന്ന് ഹിമ കരഞ്ഞു പറഞ്ഞു. അന്ന് ഹിമയുടെ ആഗ്രഹത്തിന് കൂട്ടായത് അച്ഛന് രഞ്ജിത്താണ്.
വളരെ കുട്ടിയായിരിക്കുമ്പോള്‍ ഹിമയുടെ ഏറ്റവും വലിയ ആഗ്രഹം വിമാന യാത്ര നടത്തണമെന്നതും വിദേശ രാജ്യം സന്ദര്‍ശിക്കണം എന്നതുമായിരുന്നു. അതിന് നീ നന്നായി പഠിക്കുകയും കളിക്കുകയും വേണം എന്ന് അച്ഛന് ഹിമയോടു പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ ഹിമ അനുസരിച്ചു. അവള് നന്നായി പഠിക്കുകയും കളിക്കുകയും ചെയ്തു.
സ്വപ്നങ്ങള്‍ക്കു പിന്നാലെ മകളെ പറക്കാന്‍ അനുവദിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും ഹിമയുടെ അമ്മയുടെ ഉള്ളില്‍ മകളുടെ സുരക്ഷയെ കുറിച്ചോര്‍ത്ത് ഭയമായിരുന്നു. എന്നാല്‍ മകളുടെ താല്പര്യത്തിന് ആ അമ്മ ഒരിക്കലും എതിരുനിന്നില്ല.
2016 ല്‍ ഹിമയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയാണ് ഫുട്ബോളിനേക്കാള്‍ ഹിമയ്ക്ക് അത്ലറ്റിക്സ് ആണ് വഴങ്ങുക എന്നു പറയുന്നത്. അധ്യാപികയുടെ വാക്കുകള്‍ ഹിമയുടെ ജീവിതത്തില്‍ വഴിത്തിരിവായി.
അസമില്‍ അന്തര്‍ ജില്ലാ മീറ്റില്‍ തന്റെ ആദ്യ മത്സരത്തില്‍ പങ്കെടുത്ത് 18 മാസം തികയുമ്പോഴാണ് ഹിമ ഇന്ത്യന്‍ അത്ലറ്റിക്സില് ചരിത്രം കുറിക്കുന്നത്. 2018ല്‍ നടന്ന അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 400 മീറ്ററില്‍ ഹിമ സ്വര്‍ണം നേടി.
51.13 സെക്കന്‍ഡാണ് ഹിമയുടെ ഏറ്റവും മികച്ച സമയം. ഗ്രാമത്തില്‍ കിട്ടുന്നതിനേക്കാള്‍ മികച്ച പരിശീലനത്തിനായി ഗുവാഹത്തിയിലേക്കു മാറാന്‍ ഹിമയോട് ആവശ്യപ്പെട്ടത് കോച്ച് കൂടിയായ നിപോണ്‍ ദാസ് ആണ്.
ഭോഗേശ്വര്‍ ബര്വായ്ക്കു ശേഷം രാജ്യാന്തര ഇവന്റില്‍ സ്വര്‍ണമെഡല്‍ നേടുന്ന രണ്ടാമത്തെ അസം സ്വദേശിയാണ് ഹിമ. 2018 ല്‍ രാജ്യം ഹിമ ദാസിനെ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു. യുനിസെഫിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യൂത്ത് അംബാസിഡര്‍ കൂടിയാണ് ഇന്ന് ഹിമ.
നേട്ടങ്ങളുടെ രാജകുമാരി
ധിംഗിലെ നെല്‍ പാടങ്ങളില്‍ ഓടിക്കളിച്ചു നടന്നിരുന്ന പെണ്‍കുട്ടി ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ പങ്കെടുത്തതോടെയാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. അന്ന് ആറാം സ്ഥാനമായിരുന്നെങ്കിലും ആ നേട്ടത്തെ ഹിമ ആവോളം ആസ്വദിച്ചു.
അന്ന് ഇരുന്നൂറോളംപേരാണ് മത്സരം കാണാന്‍ ഹിമയുടെ കാന്തുലിമാരിയിലെ വീടിന്റെ മുറ്റത്ത് ഒരുക്കിയ സ്ക്രീനിനു മുന്നില്‍ കാത്തിരുന്നത്. പക്ഷേ കൃത്യസമയത്ത് കറന്റു പോയി. ഗ്രാമത്തിന്റെ അവസ്ഥ അറിയാവുന്നതിനാല്‍ ജനറേറ്റര്‍ കരുതിയിരുന്നു.
അതുകൊണ്ട് മാത്രമാണ് അന്ന് എല്ലാവരും മത്സരം കണ്ടത്. ഇതാണ് ഹിമയുടെ ഗ്രാമത്തിന്റെ അവസ്ഥ. അവിടെ വൈദ്യുതി എപ്പോള്‍ വിചേ്ഛദിക്കപ്പെടുമെന്നോ പ്രളയം എപ്പോള്‍ ഉണ്ടാകുമെന്നോ ഫോണിന് ഏതു നിമിഷം നെറ്റ്വര്‍ക്ക് കിട്ടുമെന്നോ ഒന്നും ഇന്നും പറയാന്‍ കഴിയില്ല.
ട്രാക്കിലെ വിസ്മയക്കുതിപ്പിലൂടെ ഇന്ത്യയ്ക്കുവേണ്ടി ഓരോ മെഡല്‍ നേടുമ്പോഴും തന്റെ ഗ്രാമത്തിന് കൈവരുന്ന വികസനത്തില്‍ എല്ലാംമറന്ന് സന്തോഷിക്കുകയാണ് ഹിമ. മെഡല്‍ നേട്ടങ്ങള്‍ക്കിടയിലും തന്നിലൂടെ ജന്മഗ്രാമത്തിലേക്ക് വൈദ്യുതിയും നല്ല റോഡുകളും വന്നതാണ് ഹിമയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
ഈ വര്‍ഷം ദോഹയില്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പിക്കുക, പിന്നാലെ മെഡല്‍ നേട്ടവും അതാണ് ട്രാക്കിലെ സുവര്‍ണ്ണതാരത്തിന് മുമ്പിലുള്ള വലിയൊരു ആഗ്രഹം.
അനഘ