
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ പുതിയ നിയമങ്ങള്‍ സംബന്ധിച്ചും പിഴത്തുകയെക്കുറിച്ചും കുപ്രചരണങ്ങള്‍ ഏറി വരികയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചവരില്‍ ഒരു വിഭാഗമാണ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍.
ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഇവര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം. കോണ്ടം ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇല്ലെങ്കില്‍ വന്‍ പിഴ ഈടാക്കുമെന്നും സന്ദേശം പ്രചരിച്ചിരുന്നു.
ഇത് കേട്ട ടാക്സി ഡ്രൈവര്‍മാരെല്ലാം ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം വാങ്ങിവെക്കുകയും ചെയ്തു. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ചോദിച്ചില്ലെന്നും കേട്ടപാടെ ഡ്രൈവര്‍മാര്‍ കോണ്ടം വാങ്ങി വെക്കുകയുമായിരുന്നു.
എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം സൂക്ഷിക്കാത്തതിന്റെ പേരില്‍ ആരില്‍നിന്നും പിഴ ഇതുവരെ പിഴ ഈടാക്കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ ട്രാഫിക് കമ്മീഷ്ണര്‍ താജ് ഹസന് പറഞ്ഞു.






