
കോഴിക്കോട് : സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ രാത്രി മരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സിപിഎം പ്രാദേശിക നേത്താക്കള്‍ റിമാന്‍ഡിലാണ്.
ഈ കഴിഞ്ഞ 15നാണ് ഓട്ടോഡ്രൈവര്‍ കൂടിയായിരുന്ന രാജേഷിനെ സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. എലത്തൂരില്‍ രാജേഷ് ഓട്ടോ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
രണ്ടാഴ്ച മുന്‍പാണ് രാജേഷ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് പുതിയ ഓട്ടോ വാങ്ങിയത്. എന്നാല്‍ ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ രാജേഷിനെ സിഐടിയുകാരായ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു. ഇതു രാജേഷ് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വൈര്യം ശക്തമാവുകയും രാജേഷിനെ വളഞ്ഞിട്ട് തല്ലുന്ന അവസ്ഥയുണ്ടാവുകയുമായിരുന്നു.
ക്രൂരമായ മര്‍ദ്ദനമാണ് രാജേഷ് നേരിടേണ്ടി വന്നതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും രാജേഷിന്റെ ബന്ധുവുമായ സജീവന് പറഞ്ഞു. കേസില്‍ റിമാന്‍ഡിലുള്ള മുന്‍കൗണ്‍സിലര്‍ ശ്രീലേഷിന്റെ നേതൃത്വത്തിലാണ് സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ രാജേഷിനെ ആക്രമിച്ചതെന്ന് സജീവന് പറഞ്ഞു.






