
കൊച്ചി: തീരദേശച്ചട്ടം ലംഘിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞു. ശബരിമല വികസനത്തിനു വനഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ പലതവണയായി പറയുന്നു. രണ്ടു കേസുകളും ഇന്നു വീണ്ടും സുപ്രീം കോടതിയില്‍. മരട്, കണ്ടനാട് പള്ളി കേസുകളില്‍ കഴിഞ്ഞ ആറിനു കണക്കറ്റു കേരളത്തെ ശകാരിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനു മുന്നിലേക്ക് ഈ കേസുകളെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുള്‍മുനയിലാണ്.
കേരളത്തില്‍ കോടതിവിധികള്‍ പാലിക്കപ്പെടുന്നില്ലെന്ന് അന്നു മരട് കേസില്‍ ജസ്റ്റിസ് മിശ്ര വിമര്‍ശിച്ചിരുന്നു. മറ്റു കേസുകളിലും ഇതാണനുഭവമെന്ന് പള്ളിക്കേസ് പരിഗണിക്കുന്നതിനിടെ ആവര്‍ത്തിച്ചു. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്നു താക്കീത് ചെയ്തിരുന്നു. മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ ഇരുപതിനകം പൊളിച്ചില്ലെങ്കില്‍ ഇന്നു ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഉത്തരവ്. പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയും കാലതാമസം മാപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചും ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്നു കോടതി പരിഗണിക്കും.
ചീഫ് സെക്രട്ടറി ഡല്‍ഹിയിലുണ്ടെങ്കിലും ഹാജരാകുമോ എന്നു വ്യക്തമല്ല. ശബരിമല വികസനത്തിന് 500 ഏക്കര്‍ വനഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കേരളം നിലപാട് അറിയിച്ചിട്ടില്ല. മരടിനു പിന്നാലെ ഈ കേസും ഇന്നു ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്നിലെത്തും. നിലയ്ക്കലില്‍ 110 ഹെക്ടറും സന്നിധാനത്തും പമ്പയിലുമായി 93.5 ഹെക്ടറും വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്ന ഭൂമിയുടെ കാര്യത്തിലാണു സര്‍ക്കാര്‍ നയം വേണ്ടത്. ശബരിമലയില്‍ 41.32 ഹെക്ടറും നിലയ്ക്കലില്‍ 100 ഹെക്ടറും ഉടന്‍ ലഭിക്കണമെന്നാണു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. 1995-ലെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസിലെ ഇടക്കാല ഹര്‍ജിയാണിത്.
പരിസ്ഥിതി മന്ത്രാലയത്തില്‍ അടയ്ക്കേണ്ട തുകയും മുറിച്ചുമാറ്റുന്ന മരങ്ങളുടെ മൂല്യവും (നെറ്റ് പ്രസന്റ് വാല്യൂ- എന്‍.പി.വി.) അറിയിക്കണമെന്നു ജസ്റ്റിസ് മിശ്ര രണ്ടു തവണ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. 500 കോടി രൂപയാണ് എന്‍.പി.വി. കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ടു സര്‍ക്കാര്‍ ശബരിമല വിഷയങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ വനഭൂമിക്കു പകരം റവന്യു ഭൂമി വിട്ടുകൊടുക്കണമെന്നു കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭൂമി എവിടെ, എത്ര എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ശബരിമല വികസനത്തിനായി കൂടുതല്‍ വനഭൂമി നല്കുന്നതു പരിഗണനയിലില്ലെന്നു വനംമന്ത്രി കെ. രാജു കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
മരട് ഫ്ളാറ്റ് കേസില്‍ കോടതിയലക്ഷ്യ നടപടികളില്‍നിന്നു സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തുന്നതു മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകരുടെ പട്ടികയില്‍ മുന്‍നിരക്കാരനായ അദ്ദേഹം ചീഫ് സെക്രട്ടറിക്കു വേണ്ടിയാണു ഹാജരാകുകയെന്നാണു വിവരം. പൊളിക്കലിനു കൂടുതല്‍ സമയം ചോദിക്കും. ഫഌറ്റ് കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അറ്റോര്‍ണി ജനറലും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ എന്നിവരെ രംഗത്തിറക്കാന്‍ വിഫലശ്രമം നടത്തിയിരുന്നു. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാല്‍വെയാണ്. ലാവ്ലിന് കേസ് അടുത്തയാഴ്ചയാണു പരിഗണിക്കുന്നത്.






