
ന്യൂഡല്‍ഹി: ഹിന്ദുക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി . മൃഗബലിക്ക് ഏറെ പ്രസിദ്ധമായ ശക്തിപീഠം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഇനി ജീവന് ബലി കഴിക്കുന്ന ആചാരം ഉണ്ടാകരുതെന്നാണ് ഉത്തരവ്. ഒരു പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് വിധി. മൃഗബലി ശക്തമായിരുന്ന മാതാ ത്രിപുരേശ്വരി ദേവീ ക്ഷേത്രത്തില്‍ ദിവസവും ഒരാടിനെ വീതം ബലി കഴിച്ചിരുന്ന 500 വര്‍ഷം പഴക്കം ചെന്ന ആചാരവും നിരോധനത്തില്‍ പെടുന്നു. ക്ഷേത്രാചാരം നില നിര്‍ത്താനുള്ള എല്ലാശ്രമവും സര്‍ക്കാര്‍ നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല.
ത്രിപുരേശ്വരി അടക്കമുള്ള ക്ഷേത്രങ്ങളുടെ പാരമ്പര്യ ആചാരങ്ങളെ നില നിര്‍ത്തണമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. വളര്‍ത്തു മൃഗങ്ങളെ ബലി നല്കുന്ന ആചാരം സ്വതന്ത്ര്യത്തിന് മുമ്പ് രാജവംശങ്ങളുടെ കാലഘട്ടം മുതല്‍ നില നില്ക്കുന്നതും ഇപ്പോഴും തുടരുന്നതും പൂജയുടെ ഭാഗവുമാണ്. അത് തടയാന്‍ ബുദ്ധിമുട്ടൂണ്ടന്ന് ത്രിപുര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ബക്രീദ് പോലെയുള്ള ആഘോഷങ്ങളില്‍ മുസ്ളീം സമൂഹം മൃഗബലി നടത്തുന്ന പതിവ് നില നില്ക്കുമ്പോള് ഹിന്ദുക്ഷേത്രങ്ങളില്‍ മാത്രം ബലി നിരോധിക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതും ഇത് ഹിന്ദു വിരുദ്ധ വിഭാഗം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ച് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ത്രിപുര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ജസ്റ്റീസുമാരായ സഞ്ജയ് കാരല്‍, അരിന്ദം ലോധ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ത്രിപുരേശ്വരി ക്ഷേത്രത്തില്‍ നില നില്ക്കുന്ന ദിവസവും ഓരോ ആടിനെ സമര്‍പ്പിക്കുന്ന ആചാരത്തിന്റെ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. സമൂഹത്തെ നവീകരിക്കാന്‍ മോശമായ ആചാരങ്ങള്‍ തുടച്ചു മാറ്റുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്നും ഇത്തരം ആചാരങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം സാന്മാര്ഗികതയും ആരോഗ്യവും കണക്കിലെടുത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൊതു നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
എല്ലാ മതങ്ങളും അനുശാസിക്കുന്നത് കരുണയും ദയയുമാണ്. ഒരു മതവും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞു. ഒരു ക്ഷേത്രത്തില്‍ മൃഗത്തെ കൊല്ലുന്നത് സദാചാര വിരുദ്ധമായി കരുതാറില്ലെങ്കിലൂം നിയമപരമല്ലാതെ ഒരു ജീവന് എടുത്തു കൊണ്ടു പോകലാണ്. ത്രിപുരയിലെ ഒരു ക്ഷേത്രത്തിലും പക്ഷിയെയോ മൃഗങ്ങളെയോ ഇനി ബലി കൊടുക്കരുത്. എന്നാല്‍ ഒരു വിശ്വാസിക്ക് ജീവനോട് മൃഗങ്ങളെ ക്ഷേത്രത്തില്‍ നേര്‍ച്ച നല്‍കുന്നതിന് തടസ്സമില്ല. ഇത്തരം മൃഗങ്ങളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മൃഗബലി നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ത്രിപുരയിലെ ക്ഷേത്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ വെയ്ക്കുകയൂം മാസത്തില്‍ ഒരുപ്രാവശ്യം പോലീസ് ഉന്നതനും കളക്ടറും ഉത്തരവ് നടപ്പാക്കുന്നുണെ്ന്ന് ഉറപ്പാക്കാന്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയും വേണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും വേണമെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. സംസ്ഥനത്തെ ത്രിപുരേശ്വരി ദേവീ ക്ഷേത്രത്തിലും ചതുര്‍ദാസ് ദേവതാ ക്ഷേത്രത്തിലും വലിയ തോതിലാണ് മൃഗബലി നടക്കുന്നത്.






