
കണക്കനുസരിച്ച് 90 ശതമാനത്തില് കൂടുതല് പേര് ജീവിതത്തില് എപ്പോഴെങ്കിലും ഒരിക്കല് നടുവേദന കൊണ്ട് ബുദ്ധിമുണ്ടനുഭവിക്കാറുണ്ട്. അശാസ്ത്രീയമായ ശരീരത്തിന്റെ ഉപയോഗം, അമിതഭാരം, ജീവിശൈലിയില് വന്ന മാറ്റം, പേശികള്ക്ക് ഉണ്ടാകുന്ന ക്ഷതങ്ങള്, എല്ലിനുണ്ടാകുന്ന ക്ഷയരോഗം, ജനിതക വൈകല്യങ്ങള് മുതല് മാരകമായ കാന്സര് വരെ ഇതിന് കാരണമാകാം.
ശരിയായ രോഗം എന്തെന്നറിയതെ വേദന സംഹാരികള് കഴിക്കുകയും കുറവ് കിട്ടാത്തപ്പോള് ജോലി തന്നെ ഉപേക്ഷിക്കുകയും ചെയ്യുകയെന്ന പ്രവണതയാണ് ശരാശരി മലയാളികളില് കണ്ടുവരുന്നത്. എന്നാല് ശരിയായ രോഗനിര്ണയവും ശരിയായ അളവിലുള്ള വേദന സംഹാരികളും ഫിസിയോതെറാപ്പിയും ജീവിതശൈലിയിലുള്ള മാറ്റങ്ങളും കൊണ്ട് നടുവേദനയെ നമുക്ക് പ്രതിരോധിക്കാന് കഴിയും.
നട്ടെലിനെ അറിയുക
പരിണാമത്തിന്റെ ആദ്യ കാലങ്ങളില് നമ്മുടെ പൂര്വികര് വള്ളികളില് തൂങ്ങിയാണ് സഞ്ചരിച്ചിരുന്നത്. കാലക്രമേണ രണ്ടുകാലില് മനുഷ്യന് നടക്കാന് തുടങ്ങിയപ്പോള് നട്ടെല്ലിന് ശരീരത്തിന്റെ കൂടുതല് ഭാരം താങ്ങേണ്ടി വന്നു. 33 കശേരുക്കള് കൊണ്ടാണ് നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നത്. കശേരുക്കള് കൂടാതെ ഇടയ്ക്ക് ഡിസ്ക്, പേശികള് സ്നായുക്കള്, ചലന വള്ളികള് എന്നിവയും നട്ടെല്ലിന്റെ ഭാഗം തന്നെയാണ്.
കട്ടിയായ കശേരുകള്ക്കിടയിലുള്ള റബ്ബര് പോലെ മൃദുലമായ വസ്തുവാണ് ഡിസ്കുകള്. ഒരു ഷോക്ക് അബ്സോര്ബര് പോലെയും നട്ടെലിന് വിവിധ വശങ്ങളിലേക്ക് തിരിയുന്നതിനും സഹായിക്കുന്നു. കശേരുക്കള്ക്കിടയിലുള്ള ദ്വാരത്തിലൂടെയാണ് ശരീരത്തിന്റെ സ്പര്ശനശേഷിയെയും ചലനത്തെയും സഹായിക്കുന്ന സുഷുപ്നാ നാടി കടന്നുപോകുന്നത്.
കൈയിലും കാലിലും മറ്റുമുള്ള ഞരമ്പുകള് സുഷുപ്നാ നാഡിയില് നിന്ന് ഡിസ്കിനും കശേരുക്കള്ക്കും ഇടയിലുള്ള ദ്വാരത്തിലൂടെ പുറത്ത് വരുന്നു. നട്ടെല്ലിന്റെ ഘടനയിലുള്ള വ്യത്യാസങ്ങളും ക്ഷതങ്ങളും നടുവേദനയ്ക്ക് കാരണമാകാം.
ഡിസ്ക് തള്ളിവരല്
കശേരുക്കള്ക്കിടയിലുള്ള ഡിസ്കിന്റെ പുറത്തേക്കുള്ള തള്ളിവരല് നടുവേദനയ്ക്ക് കാരണമാകാം. ഡിസ്കിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആനുലസ് ഫൈബ്രോസിസ് എന്ന കട്ടിയായ പുറംഭാഗവും ന്യൂക്ലിയസ് പള്പോസിസ് എന്ന മൃദുവായ ഉള്ഭാഗവും. ചെറുപ്പക്കാരിലും പ്രായമായവരിലും രണ്ട് രീതിയിലാണ് ഡിസ്കിന്റെ തളിവരല് കാണപ്പെടുന്നത്.

അമിത ഭാരം എടുക്കുകയോ, തെറ്റായ രീതിയില് വശങ്ങളിലേക്ക് തിരിയുകയോ ഉയരത്തില് നിന്നുള്ള വീഴ്ചയോ സംഭവിക്കുമ്പോള് പുറം ഭാഗത്തുള്ള ആനുലസ് ഫൈബ്രോസിസ് പൊട്ടി ഉള്ളിലുള്ള ന്യൂക്ലിയസ് പള്പോസിസ് പുറത്ത് വരാം. വയസായവരില് ഡിസ്കിന്റെ ജലാംശം കുറയുന്നതിനാല് മേല് പറഞ്ഞ പ്രക്രിയ പെട്ടെന്ന് സംഭവിക്കുന്നു. അങ്ങനെ പുറത്തേക്ക് തള്ളിവരുന്ന ഡിസ്ക് കാലിലേക്കും കൈയിലേക്കും പോകുന്ന നാഡീഞരമ്പുകളെ അമര്ത്തുന്നു. ഈ അവസ്ഥയില് കൈകാല് കഴപ്പ്, വേദന, മരവിപ്പ്, സ്വാധീനക്കുറവ് എന്നിവ അനുഭപ്പെടുന്നു.
തേയ്മാനം നട്ടെല്ലിനും
നടുവേദനയുടെ മറ്റൊരു കാരണമാണ് കശേരുക്കള്ക്ക് ഉണ്ടാകുന്ന തേയ്മാനം. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പൊതുവെ സ്പോണ്ടിലോസിസ് എന്നറിയപ്പെടുന്ന തേയ്മാനം പുതിയ എല്ലുകള് രൂപപ്പെടുവാനും ഡിസ്കിന്റെ തന്നെ തേയ്മാനത്തി നും കാരണമാകുന്നു. തന്മൂലം കശേരുക്കള്ക്കിടയിലുള്ള സുഷുപ്നാ നാഡി ഞരമ്പുകള് അമര്ത്തുന്നതിനും ഇടയാകുന്നു. സ്പോണ്ടിലോസിസിന്റെ അവസാന ഘട്ടത്തില് കൈകാലുകള്ക്കുണ്ടാകുന്ന മരവിപ്പ് മുതല് മൂത്രതടസം വരെയുണ്ടാകാം.
പേശികള്ക്കുണ്ടാകുന്ന ക്ഷതം
കശേരുക്കള്ക്ക് ചുറ്റും അനേകം ചലന വള്ളികളും പേശികളും കാണപ്പെടുന്നു. ഈ പേശികള് ചലന വള്ളികളും കശേരുക്കളും തമ്മിലും കശേരുക്കളെ ചുറ്റുമുള്ള എല്ലുകളായ വാരിയെല്ലുകള് സ്കാപ്പുല, ഇടുയെല്ല്, തുടയെല്ല് എന്നിവയുമായി ബന്ധിപ്പിക്കുന്നു. പേശികളും ഈ എല്ലുകളും തമ്മില് സംയോജിച്ചുള്ള പ്രവര്ത്തനം സാധാരണ ചലനത്തിന് അത്യന്താപേഷിതമാണ്.
പേശികള് എല്ലാം ശരീരത്തിന്റെ പിന്ഭാഗാണ് കാണപ്പെടുന്നത്. മനുഷ്യ ശരീരത്തിന്റെ മുന്ഭാഗത്തെ പേശികളും (വയറിലെ പേശികള്) പിന്ഭാഗത്തെ പേശികളും ബാലന്സ് ആയി പ്രവര്ത്തിച്ചില്ലെങ്കില് അത് നടുവേദനയ്ക്ക് കാരണമാകാം. കുനിയുകയോ, വീഴുകയോ, ഭാരമെടുത്ത് നില്ക്കുകയോ ചെയ്യുമ്പോള് പേശികളുടെ ഒരു ഭാഗം പൊട്ടി പോവുകയോ പേശികളും ചലന വള്ളികളുമായി ഘടിപ്പിക്കുന്ന ഭാഗത്തിന് ക്ഷതം വരുകയോ ചെയ്യുന്നു. വ്യായാമം കുറവുള്ളവരിലാണ് ഇത് കൂടുതലായും കണ്ടു വരുന്നത്.

നട്ടെല്ലിനെ ബാധിക്കുന്ന വാതങ്ങള്
രാവിലെ എഴുന്നേല്ക്കുമ്പോള് ഉണ്ടാകുന്ന വേദന, അരമണിക്കൂറില് കൂടുതല് നീണ്ടുനില്ക്കുന്ന പിടിത്തം എന്നിവ ആംഗിലോസിംഗ് സ്പോണ്ടിലൈറ്റിസ് എന്ന വാത ത്തിന്റെ ലക്ഷണളാണ്. കുറച്ച് നേരം ജോലികളില് ഏര്പ്പെടുക യോാ, നടക്കുകയോ ചെയ്താല് നടുവേദനയും പിടിത്തവും കുറയുന്നതായി കാണാറുണ്ട്.
ചെറുപ്പക്കാരായ പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. നട്ടെല്ല് വേദനയ്ക്ക് പുറമേ കഴുത്ത് വേദനയും മുട്ട് വേദനയും ലക്ഷണങ്ങളാണ്. കൂടാതെ കണ്ണിനെയും ഹൃദയവാല്വിനെയും ശ്വാസകോശത്തെയും ഇത് ബാധിക്കാറുണ്ട്. രോഗം മൂര്ച്ഛിക്കുന്തോറും കശേരുക്കള് തമ്മില് ചേര്ന്ന് അതിന്റെ ചലനശേഷി നഷ്ടപ്പെടുന്നു.
കുട്ടികളിലെ നടുവേദന
കുട്ടികളില് ഉണ്ടാകുന്ന നടുവേദന കശേരുക്കളിലെ വളരുന്ന ഭാഗത്തണ്ടാകുന്ന നീരോ, നട്ടെലിനുണ്ടാകുന്ന വളവോ, കശേരുക്കള്ക്കുണ്ടാ കുന്ന അണുബാധ, ക്ഷയം, ക്യാന് സര് തുടങ്ങി ലുക്കിമിയവരെയാ കാന് സാധ്യതയുള്ള കുട്ടികളിലും നടുവേദന അപൂര്വമല്ല. അതതുകൊണ്ട് നേരത്തെ ചികിത്സിക്കുകയാണ് വേണ്ടത്. കുറച്ചുകൂടി മുതിര്ന്ന കുട്ടികളില് കശേരുക്കളുടെ ഒരു ഭാഗം തേയുന്ന ഒരു രോഗമായ സ്പോണ്ടിലോസിസ് കാണപ്പെടുന്നു.
നട്ടെല്ലിനെ ബാധിക്കുന്ന കാന്സര്
രക്തത്തെ ബാധിക്കുന്ന അര്ബുദം മുതല് എല്ലിനെ ബാധിക്കുന്ന കാന്സര് വരെ നടുവേദനയ്ക്ക് കാരണമാകാം. ലുകീമിയ, മള്ട്ടിപ്പിള് മയലോമ എന്നിവ ഇതില്പ്പെടുന്നു. കാന്സര് പോലെത്തന്നെ മാരകമായ രോഗമാണ് നട്ടെല്ലിനെ ബാധിക്കുന്ന ക്ഷതം. ഇവ കശേരുക്കളെ നശിപ്പിക്കുകയും സുഷ്മന നാടിയെ ബാധിച്ച അവസാനം അരയ്ക്ക് കീഴ്പോട്ട് തളരുന്ന അവസ്ഥയുണ്ടാകുന്നു. സ്തനം, തൈറോയിഡ്, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാന്സറുകള് നട്ടെല്ലിനെ ബാധിക്കാറുണ്ട്. ഇത് വളരെ ഗുരുതരമായ രോഗാവസ്ഥയാണ്. അതിനാല് തുടക്കത്തില്ത്തന്നെ രോഗിര്ണയം നടത്തേണ്ടത് അത്യാവശ്യമാണ്.
അപകട സൂചനകള്
എല്ലാ നടുവേദനയും ഒരേ പോലെ അപകടകരമല്ല. ആവശ്യമായ വിശ്രമവും അതിനെ തുടര്ന്നുള്ള എക്സര്സൈസും കൊണ്ട് ഒട്ടുമിക്ക നടുവേദനകളും മാറുന്നതാണ്. എന്നാല് അസഹനീയമായ വേദന കാരണം രാത്രിയില് ഉറക്കം വരാതിരിക്കുക കൈകാലുകളിലേക്ക് വ്യാപിക്കലും ബലക്കുറവും, മൂത്രതടസവും, ശരീരഭാരം കുറയുക, വൈകുന്നേരം ഉണ്ടാകുന്ന പനി എന്നിവ നടുവേദനയില് ഒളിഞ്ഞിരിക്കുന്ന അപകട സൂചനകളാണ്.
ചികിത്സരീതി
ചിട്ടയായ രീതിയിലുള്ള ചികിത്സാക്രമം നടുവേദനയ്ക്ക് ആവശ്യമാണ്. നാല് രീതിയിലുള്ള ചികിത്സകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്

മരുന്നുകളും വിശ്രമവും
സാധാരണയായി കൈകാലുകളെ ബാധിക്കാതെ നടുവില് തന്നെ കാണപ്പെടുന്ന നടുവേദന, വേദന സംഹാരികള് മസ്സില് റിലാക്സന്റ്, വിശ്രമം എന്നിവ കൊണ്ട് ഭേദമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള വേദനകള് പേശികളിലെ വലിവും ബലക്കുറവും, ചലന വള്ളിക്കുള്ള ക്ഷതവും മൂലമാണ് ഉണ്ടാകുന്നത്. വിശ്രമം പേശികളിലെ മുറിവുകള് ഉണങ്ങുന്നതിന് സഹായകമാകുന്നു. വേദന സംഹാരികള് നീര് കുറയ്ക്കുകയും മസ്സില് റിലാക്സന്റുകള് പേശികള്ക്ക് അയവ് വരുത്തുകയും തല്ഫലമായി വേദന കുറയുകയും ചെയുന്നു.
ജീവിത ശൈലിയിലുള്ള മാറ്റങ്ങള്
നടുവേദനയുള്ള രോഗികള് നട്ടെല്ലിന് കൂടുതല് ഭാരം കൊടുക്കുന്ന ശാരീരിക നിലകള് ഉപേക്ഷിക്കേണ്ടതാണ്. കുനിഞ്ഞ് ഭാരമെടുക്കുക, സ്റ്റെപ് കയറുക, നിലത്ത് ഇരിക്കുക എന്നിവ ചെയ്യുമ്പോള് നമ്മുടെ ശരീരത്തിന്റെ അഞ്ച് മടങ്ങ് ഭാരം നട്ടെല്ലിന് അനുഭവപ്പെടുന്നു. ശരീരഭാരം കുറയ്ക്കേണ്ടത് നടുവേദന ചികിത്സയുടെ അത്യാവശ്യമായ ഘടകമാണ്. ദീര്ഘ ദൂരം ഇരുന്ന് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും തുടര്ച്ചയായി ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയും നട്ടെല്ലിനെ സപ്പോര്ട്ട് ചെയ്യുന്ന കസേരയും ഉപയോഗിക്കണം.
ഇരുചക്രവാഹനം നടുവേദന ഉള്ളവര്ക്ക് അനുയോജ്യമല്ല. ഇരുചക്രവാഹനം ഉപയോഗിക്കുന്നവര് 15 കിലോമീറ്റര് വരെ പരിമിതപ്പെടുത്തുകയും കുഴികളിലും ഗട്ടറുകളിലും വീഴാതെ സൂക്ഷിക്കണം. ദീര്ഘദൂരമുള്ള യാത്രകള് ഒഴിവാക്കുന്നതാണ് നല്ലത്. ഇവര് നടുനിവര്ന്നിരുന്ന് യാത്ര ചെയ്യാന് ശ്രദ്ധിക്കണം. ഭാരം എടുക്കുന്നവര് ശരീരത്തോട് ചേര്ത്തുപിടിച്ച് രണ്ട് കൈകള് കൊണ്ട് എടുക്കുന്നതാണ് നല്ലത്. തറയില് കിടക്കുന്നത് ഇത്തരക്കാര് ഒഴിവാക്കണം. കിടക്കുമ്പോള് കുഴിഞ്ഞ് പോകുന്നതായ മെത്തകള് ഒഴിവാക്കുകയും പകരമായി പഞ്ഞിയോ, ഫൈബര് കൊണ്ടുണ്ടാക്കിയ കിടക്കകള് ഉപയോഗിക്കുന്നതാണ് ഉചിതം. ഇവര് നടുനിവര്ത്തി നേരെകിടക്കാന് ശ്രദ്ധിക്കണം.
ഫിസിയോതെറാപ്പി
ഫിസിയോതെറാപ്പി ചികിത്സയുടെ രണ്ട് ഘട്ടങ്ങള് ഉപയോഗിക്കാറുണ്ട്. വേദന കൂടുതല് ഉള്ള ഘട്ടത്തില് പേശികളിലെ നീര്ക്കെട്ടും പേശി മുറുക്കവും അവയെ കുറച്ച് റിലാക്സ് ചെയ്യിപ്പിക്കുകയും ചെയ്യുന്നതിനുള്ള ചികിത്സയാണ് ഉപയോഗിക്കുന്നത്. അമിതമായ വേദനയുള്ളവര്ക്ക് വിശ്രമവും വേദന സംഹാരികളും ഇത്തരത്തിലുള്ള ഫിസിയോതെറാപ്പിയും ചേര്ന്ന് ചികിത്സിച്ചാലെ വേദന കുറയുകയുള്ളൂ. വേദന കുറയുമ്പോള് ചികിത്സയുടെ രണ്ടാം ഘട്ടം ആരംഭിക്കണം. നട്ടെല്ലിന് ചുറ്റുമുള്ള പേശികളെ വ്യായാമം ചെയ്യിപ്പിച്ച് ശക്തിപ്പെടുകയാണ് ഈ ഘട്ടത്തില് പ്രധാനമായും ചെയ്യുന്നത്.

പൊണ്ണത്തടി, വ്യായാമക്കുറവ് എന്നീ രോഗികള്ക്ക് വയറിലുള്ള പേശീകള്ക്ക് ശക്തി കുറയുകയും അതിന്റെ ജോലി കൂടി പിറകിലുള്ള പേശികള്ക്ക് ചെയ്യേണ്ടിവരും. ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. കൂടാതെ പിറകിലുള്ള പേശികള് ശക്തി പ്രാപിക്കുന്നതിലൂടെ ഡിസ്കിലുള്ള അമിത സമ്മര്ദം കുറയ്ക്കുവാന് കാരണമാകുന്നു. ഈ വ്യായാമം ആറ് ആഴ്ച വരെ ദിവസവും അര മണിക്കൂര് മുതല് 45 മിനിറ്റ് വരെ ചെയ്താലേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.
സര്ജറി
വിട്ടുമാറാത്ത നടുവേദന എക്സറെ, സി.ടി. സ്കാന്, എം.ആര്.ഐ. സ്കാന് തുടങ്ങിയവയുടെ സഹായത്തോടുകൂടി കാരണം കാണേണ്ടതാണ്. എം.ആര്.ഐ. സ്കാന് ഡിസ്ക് തള്ളിയവരിലും തന്മുലമുണ്ടാകുന്ന നാഡി തളര്ച്ചയും കണ്ടുപിടിക്കാന് ഏറെ പ്രയോജനകരമാണ്. നട്ടെലിനുണ്ടാകുന്ന പൊട്ടലും അണുബാധയും മുതല് എല്ലിനുണ്ടാകുന്ന തകരാറുകള് കണ്ടുപിടിക്കാനാണ് സി.ടി. സ്കാന് എടുക്കുന്നത്.
വിശ്രമവും ഫിസിയോ തെറാപ്പിയും കൊണ്ട് വേദന മാറാത്ത രോഗികള്ക്ക് ഡിസ്കെട്ടമി, മൈക്രോഡിസ്കെട്ടമി എന്നിവ ചെയ്ത് ഡിസ്ക് വെളിയില് എടുക്കേണ്ടതാണ്. ഒന്നില് കൂടുതല് ഡിസ്ക്കുകള് ബാധിച്ചിട്ടുണ്ടെങ്കില് ചിലപ്പോള് ഡിസ്ക് എടുത്തതിനു ശേഷം പിറകില് കമ്പിയുപയോഗിച്ച് ഉറപ്പിക്കേണ്ടിവരും.
എന്ഡോസ്കോപ്പി (ചെറിയ മുറിവിലൂടെ ഡിസ്ക് പുറത്തെടുക്കല്), ആര്ട്ടിഫിഷ്യല് ഡിസ്ക് റീപ്ലേയ്സ്മെന്റ് കൃത്രിമ ഡിസ്ക് വച്ചു പിടിപ്പിക്കല് എന്നിവ ഈ വിഭാഗത്തിലെ നൂതന സര്ജറികളാണ്. അര്ബുദം ബാധിച്ചവരില് ചിലപ്പോള് കശേരുകള് എടുത്ത് കളയേണ്ട ശസ്ത്രക്രിയകള് ചെയേണ്ടിവരാറുണ്ട്. വയസായവരില് കാണപ്പെടുന്ന ഓസ്റ്റിയോപൊറൊട്ടിസ് ഫ്രാക്ച്ചര് തന്മൂലമുണ്ടാകുന്ന നട്ടെല്ലിലെ വളവ്, എല്ലിനകത്ത് സിനന്റ കുത്തിവച്ച് ചികിത്സിക്കാവുന്നതാണ്.
ഡോ. ജയചന്ദ്രന്
ഓര്ത്താ വിഭാഗം തലവന് ആന്ഡ്
സീനിയര് കണ്സള്ട്ടന്റ്, ഓര്ത്തോപിഡിക് സര്ജന്,
ഡോ. ആസാദ്
കണ്സള്ട്ടന്റ് ഓര്ത്തോപിഡിക്
ആന്ഡ് സ്പൈന് സര്ജന്
ഡോ. പ്രശാന്ത് ജെ.എസ്.
കണ്സള്ട്ടന്റ് ഓര്ത്തോപിഡിക് സര്ജന്,
സഹൃദയ ഹോസ്പിറ്റല്, ആലപ്പുഴ







Comments