
മുഹമ്മ : മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിനെ ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷിച്ച് ബൈക്കില്‍ ഹൈകോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലെത്തിച്ചത് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍.
ഒക്ടോബര്‍ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ട്രാഫിക് ബ്ലോക്കിലാണ് ടൊവിനോയുടെ കാര്‍ അക്കപ്പെട്ടത്. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ.
വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റും പ്രമുഖരും രണ്ടുമണിക്കൂറാണ് ടോവിനോയ്ക്കായി കാത്തിരുന്നത്. ഈ സമയമത്രയും ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ടിരിക്കുകയായിരുന്നു താരം.
'ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു...' എന്ന് ടൊവിനോ പോലീസ് മേലധികാരിയെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.
ഇതോടെ മേലധികാരികളുടെ അഭിനന്ദനത്തിനും സുനില്‍ അര്‍ഹനായി. ടോവീനോയുടെ കടുത്ത ആരാധകനായ സുനില്‍കുമാര്‍ തന്റെ ഇഷ്ടതാരത്തിനോടൊപ്പം യാത്രചെയ്യാനായതിന്റെ സന്തോഷത്തിലാണ്.






