
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതില്‍ കേന്ദ്ര സര്‍ക്കാരിനു യാതൊരു പങ്കുമില്ലെന്നു ജാവദേക്കര്‍ വ്യക്തമാക്കി. സര്‍ക്കാരല്ല കേസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
'സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടില്ല. സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണിത്. ഒരു വ്യക്തി കോടതിയില്‍ പോയി. അതില്‍ കോടതി കേസെടുത്തു. സര്‍ക്കാരല്ല ഇത് ചെയ്തത്.' ജാവദേക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോഡിക്ക് കത്തയച്ച സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂര്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ചരിത്രകാരന് രാമചന്ദ്രന് ഗുഹ, സിനിമാ പ്രവര്‍ത്തകരായ ശ്യാം ബെനഗല്‍, അടൂര്‍ ഗോപാലകൃഷ്ണന്, സുമിത്രാ സെന്‍, രേവണി, മണിരത്നം അടക്കം 49 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.






