
തിരുവല്ല: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം നിര്‍മ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ബിലിവേഴ്സ് ചര്‍ച്ച്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും വിഷയത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതി നേരത്തെ തീര്‍പ്പുകല്‍പ്പിച്ചതാണെന്നും ബിലിവേഴ്സ് ചര്‍ച്ച് വക്താവ് ഫാ.സിജോ പന്തപ്പള്ളില്‍ പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലിവേഴ്്സ് ചര്ച്ചിനാണെന്നുള്ള കോടതി ഉത്തരവ് ഉള്‍ക്കൊണ്ടുള്ള ഏതു പ്രവര്‍ത്തനത്തിനും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ഫാ.സിജോ പറയുന്നു. ബിലിവേഴ്സ് ചര്‍ച്ച് സര്‍ക്കാരിനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ എതിരല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പനുസരിച്ചു നഷ്ടപരിഹാരത്തുക നിര്‍ണയിച്ച് പണം തുക കോടതിയില്‍ കെട്ടിവച്ചാകും ഭൂമി ഏറ്റെടുക്കുക എന്നാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ കുരുങ്ങിക്കിടക്കുന്ന ഭൂമി നിയമമാര്‍ഗങ്ങളിലൂടെ ഏറ്റെടുക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.
യോഹന് മോര് അത്തനേഷ്യസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ബിലീവേഴ്സ് ചര്‍ച്ച് കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ചെറുവള്ളി എസ്റ്റേറ്റിന് രണ്ടു ദേശീയപാതകളുടെയും അഞ്ചു പി.ഡബ്ല്യു.ഡി. റോഡുകളുടെയും സാമീപ്യമുണ്ട്. ശബരിമലയിലേക്കു 48 കിലോമീറ്ററാണു ദൂരം, കൊച്ചിയിലേക്ക് 113 കിലോമീറ്റര്‍. ഭൂമി കണ്ടെത്തിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.






