
ചിലങ്കയേയും താളങ്ങളേയും 13 ാം വയസില്‍ നെഞ്ചോട് ചേര്‍ത്തതാണ് ഭവാനി ചെല്ലപ്പന്. കേരള നടനം എന്ന നൃത്തരൂപം ആവിഷ്കരിച്ച ഗുരു ഗോപിനാഥിന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യയാണ് ഭവാനി. പുതുതലമുറ കണ്ടുപഠിക്കേണ്ട ആത്മസമര്‍പ്പണമാണ് ഈ അമ്മയ്ക്ക് തന്റെ തൊഴിലിനോടുള്ളത്.
കഥകളിയുടെ ശാസ്ത്രീയതയെ, അവതരണത്തെ പുതുമയുമായി കൂട്ടിച്ചേര്‍ത്ത് കേരളനടനമെന്ന കലാരൂപത്തിന് ഏറ്റവുമധികം പ്രചാരം നല്‍കിയത് ഭവാനി ചെല്ലപ്പനും ഭര്‍ത്താവ് ചെല്ലപ്പനുമായിരുന്നു.
നൃത്തരംഗത്തേക്ക്
അച്ഛന് കുമരകം ചെമ്പകശ്ശേരി പത്മനാഭപിള്ളയാണ് എന്നെ കലാരംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. അച്ഛന് ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനായിരുന്നു. എല്ലാകുട്ടികളേയും പോലെ എന്നെയും പഠിക്കാന്‍ ചേര്‍ത്തു. പക്ഷേ എനിക്ക് പഠനത്തിലൊന്നും ശ്രദ്ധയില്ലായിരുന്നു. പിന്നീട് അച്ഛന് സംസ്കൃതം പഠിക്കാനയച്ചു. അവിടെയും ഞാന്‍ ഉഴപ്പി. അന്ന് എന്റെയൊരു കളിക്കൂട്ടുകാരനുമായി കരിയൊക്കെ വാരിത്തേച്ച് കഥകളിയാണെന്നുപറഞ്ഞു വെറുതെ കളിച്ചുനടക്കുമായിരുന്നു.
എനിക്ക് നൃത്തത്തോട് താല്പര്യമുണ്ടെന്ന് മനസിലാക്കി അച്ഛന് തിരുവനന്തപുരത്ത് ഗുരു ഗോപിനാഥിന്റെ പക്കല്‍ നൃത്തം പഠിപ്പിക്കാന്‍ കൊണ്ടു ചേര്‍ത്തു. അതിനു മുന്‍പ് എന്റെയൊരു ഫോട്ടോ അച്ഛന് ഗുരുവിനെ കാണിച്ചിരുന്നു. അന്നത്തെ കാലത്തെ ഫോട്ടാഗ്രഫിയായതുകൊണ്ട് ഫോട്ടോയില്‍ എന്റെ തലയ്ക്ക് ഒരു ചരിവുണ്ടായിരുന്നു. ഫോട്ടോ കണ്ട ഗുരു പറഞ്ഞു. ഈ കുട്ടിയുടെ തലയ്ക്കെന്തോ ചരിവുണ്ടല്ലോ. ഇത് ശരിയാവില്ല..
അപ്പോള്‍ അച്ഛന് പറഞ്ഞു..അത് ഫോട്ടോയിലാണ് നേരിട്ട് കണ്ടാല്‍ കുഴപ്പമില്ല!! അങ്ങനെയാണ് ഗുരുവിന്റെ അടുത്തെത്തുന്നത്. ചെന്നപ്പോള്‍ എന്നൊട് എന്തെങ്കിലും സ്റ്റെപ്പ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഞാനൊരു അഭിനയ ഗാനം കളിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ ഗുരു ഗോപിനാഥിന്റെ ശിഷ്യയാവുകയായിരുന്നു.
കേരള നടനം പഠിച്ചത് ഗുരുവിന്റെ പക്കല്നിന്നായിരുന്നു. പിന്നീട് വാഴൂര്‍ രാമയ്യപിള്ളയുടെ പക്കല്‍നിന്ന് ഭരതനാട്യം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് മോഹിനിയാട്ടം പഠിപ്പിച്ചത്. ഇവ കൂടാതെ നാടോടിനൃത്തവും കഥക് കൂടി പഠിച്ചിച്ചുണ്ട്.
പ്രണയം ചിലങ്കയോട് മാത്രമല്ല
എന്റെ ഭര്‍ത്താവ് ചെല്ലപ്പന് ഗുരു ഗോപിനാഥിന്റെ അനന്തരവനാണ്. ഞങ്ങളൊരുമിച്ച് തിരുവനന്തപുരത്ത് ശ്രീചിത്രോദയയില് പഠിച്ചിരുന്നു. അവിടെവച്ചാണ് തമ്മില്‍ ഇഷ്ടത്തിലാകുന്നത്. അന്നങ്ങനെ കാണാനോ പ്രേമിച്ച് നടക്കാനോ സാഹചര്യമില്ല. നൃത്തം പഠിക്കാന്‍ ക്ലാസില്‍ വരുമ്പോഴാണ് ആകെ കാണുന്നത്. അദ്ദേഹം വീട്ടില്‍ നേരിട്ടുവന്നു പെണ്ണ് ചോദിച്ചു. അച്ഛനും ഇഷ്ടപ്പെട്ടു. എന്റെ 21-ാം വയസിലായിരുന്നു വിവാഹം. വിവാഹശേഷം ഞങ്ങളൊന്നിച്ചായി നൃത്തപരിപാടികളവതരിപ്പിക്കല്. നാട്ടിലും വിദേശത്തുമായി ധാരാളം വേദികളില്‍ നൃത്തമവതരിപ്പിച്ചു.
പിന്നീട് അദ്ദേഹം കൊട്ടാരം ഡാന്‍സറായി. അതിനുശേഷം മദ്രാസില്‍ ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങാന്‍ പ്ലാനിട്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് പോയി. നടന നികേതന്‍ എന്നായിരുന്നു സ്കൂളിന്റെ പേര്. പക്ഷേ സ്ഥാപനം നന്നായി പോയില്ല. അതിനിടയില്‍ എനിക്ക് ശ്രീലങ്കയില്‍ ജാഫ്ന സ്കൂള്‍ ഓഫ് ഡാന്‍സിലേക്ക് നൃത്ത അധ്യാപികയായി ക്ഷണം ലഭിച്ചു.
ഭര്‍ത്താവിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും വരുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. പിന്നെ കുറച്ചുകാലം അവിടെയായിരുന്നു. മൂത്ത മകന് അപ്പോള്‍ നാല് വയസേയുളളൂ. അവനെ അമ്മയുടെ അടുത്താക്കിയിട്ടാണ് പോയത്. കുട്ടിയെ ഒറ്റയ്ക്കിട്ടുപോകാനുള്ള മടികൊണ്ട് തിരികെ പോന്നു.
പിന്നീട് ഗുരു ഗോപിനാഥാണ് ഞങ്ങളോട് കോട്ടയത്തേക്ക് പോകാനും അവിടൊരു നൃത്ത സ്ഥാപനം തുടങ്ങാനും പറയുന്നത്. ആ കാലത്ത് കോട്ടയത്തിന് നൃത്തവുമായി യാതൊരു സ്നേഹവുമില്ല. എന്ത് ചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോള്‍ പരിചയത്തിലുള്ള ഒരു വക്കീല്‍ കുറച്ച് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ പറഞ്ഞു. അവരെ പഠിപ്പിച്ച് അരങ്ങേറ്റവും നടത്തി. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് എതിര്‍വശത്തായി ഭാരത് ഹോസ്പിറ്റലിന് സമീപമാണ് ഞങ്ങളുടെ ഡാന്‍സ് സ്കൂള്‍.
ചെല്ലപ്പന് ഭവാനിയായയത്
എന്റെ ശരിക്കുള്ള പേര് തങ്കമ്മ എന്നാണ്. ഗുരു ഗോപിനാഥിന്റെ അടുത്ത് നൃത്തം പഠിക്കാന്‍ ചെന്നപ്പോള്‍ അവിടെ തങ്കമ്മ എന്നുപേരുള്ള മൂന്നന്നാളുണ്ടായിരുന്നു.
ഗുരു ഞങ്ങളിലാരെയെങ്കിലും വിളിക്കുമ്പോള്‍ മൂന്ന് പേരും ഓടിയെത്തും അതുകൊണ്ട് അദ്ദേഹം തന്നെയാണ് എനിക്ക് ഭവാനിയെന്ന് പേരു മാറ്റിയത്. എന്നെ വീട്ടില്‍ വിളിക്കുന്ന പേര് ഭവാനിയെന്നാണെന്നഞ്ഞറിഞ്ഞായിരുന്നു അത്. പിന്നീട് വിവാഹശേഷം ചെല്ലപ്പന് ഭവാനിയെന്ന് അറിയപ്പെടാന്‍ തുടങ്ങി.
പുരസ്കാരങ്ങള്‍
കലാജീവിതത്തിനിടയില്‍ ധാരാളം പുരസ്കാരങ്ങള്‍ തേടിയിട്ടുണ്ട്. ഗുരു ഗോപിനാഥിന്റെ പേരിലുളള നാട്യപുരസ്കാരം, തിരുവനന്തപുരം മഹാരാജാവില്‍നിന്ന് ഗുരുശ്രേഷ്ഠ പുരസ്കാരമുള്‍പ്പടെ. എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഒരു അംഗീകാരം ലഭിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്.
കേരളനടനമെന്ന കലയെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാനും അതിനൊരു മഹത്വം നേടിക്കൊടുക്കാനും അദ്ദേഹത്തിനും എനിക്കും കഴിഞ്ഞിട്ടുണ്ട്. ധാരാളം കുട്ടികള്‍ ഈ നൃത്തരൂപം പഠിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് ഞങ്ങളുടെ പക്കല്‍നിന്നും പഠിച്ച് പോയിട്ടുള്ളത്.
പഠിക്കുന്നു പഠിപ്പിക്കുന്നു
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ നൃത്തത്തെക്കുറിച്ച് പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നുതന്നെയാണ്. ഇവിടെ ഇപ്പോഴും കുട്ടികള്‍ പഠിക്കാന്‍ വരുന്നുണ്ട്. ഞാന്‍തന്നെയാണ് അവരെ പഠിപ്പിക്കുന്നത്. ഇടയ്ക്ക് എന്റെ മരുമകള്‍ ശോഭയും കൂടിയിരുന്നു. ഇപ്പോളവള്‍ക്ക് ജോലിത്തിരക്കാണ്. കാലിനൊക്കെ ചെറിയ വേദനയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാറില്ല. ആരോഗ്യമുള്ളിടത്തോളം കാലം ഈ ജോലി തുടര്‍ന്നുപോകും.
എനിക്ക് മൂന്ന് ആണ്മക്കളാണ്. മൂത്തമകന് ഗോപാലകൃഷ്ണന് ലക്നൗവില്‍ സി.ബി.ഐ ഓഫീസറായി റിട്ടയഡ് ചെയ്തു. രണ്ടാത്തെ മകന് രാമചന്ദ്രന് കെ.എസ്. ആര് ടി. സി ഉദ്യോഗസ്ഥനായിരുന്നു. അവനാണ് ഇപ്പോള്‍ എന്റെയൊപ്പം ഉള്ളത്. മൂന്നാമത്തെയാള്‍ രാധാകൃഷ്ണന് പാരഗണ്‍ റബേഴ്സിന്റെ സെയില്‍സ് ഹെഡായിരുന്നു. കോട്ടയത്തു തന്നെ താമസിക്കുന്നു.
ഷെറിങ്ങ് പവിത്രന്