
നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങൾ വിപണിയിൽ പുറത്തിറക്കി. പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയ്ക്ക് യഥാക്രമം 5.94 ലക്ഷം, 6.58 ലക്ഷം രൂപയാണ് പ്രാരംഭ വില.
ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ‘T', ‘T (O)' എന്നീ രണ്ട് ഉയർന്ന വകഭേദങ്ങളിലാണ് ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. ഗോ സിവിടി T (O) മോഡലിന് 6.18 ലക്ഷം രൂപയാണ് വില. 6.80 ലക്ഷം രൂപയാണ് ഗോ പ്ലസ് സിവിടി ‘T (O)' പതിപ്പിന്റെ എക്സ്ഷോറൂം വില.
രണ്ട് കാറുകളിലും 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഇത് 75 bhp കരുത്തിൽ 104 Nm ടോർക്ക് ഉത്പാദിപ്പിക്കുന്നു. രണ്ട് കാറുകളിലും ഇപ്പോൾ കുറഞ്ഞ മോഡും സ്പോർട്ട് മോഡും ഉണ്ട്.
രണ്ട് കാറുകളിലും മറ്റ് പരിഷ്ക്കരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെന്നാണ് സൂചന. ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ സിവിടി വാഹനങ്ങളാണ്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിആർഎൽ, 14 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പെഡസ്ട്രിയൻ ഇംപാക്ട് പ്രൊട്ടക്ഷൻ, എബിഎസ് വിത്ത് ഇബിഡി, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങി നിരവധി സവിശേഷതകളും മോഡലിൽ ലഭ്യമാണ്.
ഇന്ത്യയിൽ വരാനിരിക്കുന്ന ക്രാഷ് പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ രണ്ട് മോഡലുകളെയും കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാനുവൽ പതിപ്പിനേക്കാൾ 23 കിലോഗ്രാം ഭാരം കൂടുതലാണ് പുതിയ സിവിടി മോഡലുകൾക്ക്.






