
മോസ്കോ: ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ് സെമി റഫറിയിങ്ങിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരം മേരി കോം. ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് റഫറിയിങ്ങിനെതിരെ താരം ട്വിറ്ററിലുടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.
എങ്ങനെ? എന്തുകൊണ്ട്? സെമിയിലെ വിധിനിര്‍ണയം ശരിയോ തെറ്റോ എന്ന് ലോകം വിലയിരുത്തട്ടെ.. മേരി കോം ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. 51 കിലോ വിഭാഗത്തിലെ സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കി താരം ബുസാനെസ് ചാകിരൊഗ്ളൂവിനോടാണ് മേരി കോം തോറ്റത്. എന്നാല്‍ വെങ്കല നേട്ടം നടത്തിയതിലൂടെ ലോകബോക്സിംഗില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ ബോക്സറായി മേരികോം മാറി.
How and why. Let the world know how much right and wrong the decision is....https://t.co/rtgB1f6PZy. @KirenRijiju @PMOIndia
— Mary Kom (@MangteC) October 12, 2019
കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോല്‍പ്പിച്ചായിരുന്നു ലോകചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നത്. എന്നാല്‍ ഇതേ മികവ് സെമിയില്‍ ചാകിരൊഗ്ളൂവിനെതിരേ കാട്ടാനായില്ല. ഇതുവരെ ലോകചാമ്പ്യന്‍ഷിപ്പില്‍ എട്ടു മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന പദവിയാണ് മേരികോമിനെ തേടി വന്നത്. ആകെ മെഡല്‍ നേട്ടത്തില്‍ ക്യുബയുടെ ഇതിഹാസതാരം ഫെലിക്സ് സാവന്റെ റെക്കോഡാണ് ഇന്ത്യന്‍ താരം തകര്‍ത്തത്. ഇരുവരും ഇതുവരെ ആറ് സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് നേടിയിരുന്നത്. പങ്കെടുത്ത ഏഴു ലോക ചാമ്പ്യന്‍ഷിപ്പിലും ഓരോ മെഡല്‍ താരം നേടിയിരുന്നു. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം 2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു.






