
ന്യൂഡല്‍ഹി: രാമ ജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ വാദം സുപ്രീംകോടതി നാളെ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂമി തര്ക്കകക്കേസിലെ എല്ലാ വാദങ്ങളും ഒക്ടോബര്‍ 17നകം അവസാനിപ്പിക്കണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മുഗുള്‍ ഭരണാധികാരി ബാബറിന്റെ ചരിത്രപരമായ തെറ്റുതിരുത്തണമെന്ന് അയോധ്യാ കേസില്‍ ഹിന്ദു സംഘടനയായ രാം ലല്ല വിരാജ്മാന് വാദിച്ചു. രാമ ജന്മഭൂമിയില് വിദേശത്ത് നിന്നെന്ന് ഇന്ത്യ കീഴടക്കിയ ഭരണാധികാരം പള്ളി നിര്‍മ്മിച്ചത് തെറ്റാണെന്നും രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കെ. പരാശരന് സുപ്രീം കോടതിയില്‍ വാദിച്ചു.
40 ദിവസമായി അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ബുധനാഴ്ച അവസാനിക്കെ എല്ലാ കക്ഷികള്‍ക്കും ഇനി 45 മിനിറ്റ് വീതം സമയം മാത്രമേ നല്കു എന്നും നാളെ വൈകിട്ട് 5 മണിവരെ കൂടി കേസില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്ന് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ സി.എസ് വൈദ്യനാഥന്റെ വാദം തടസ്സപ്പെടുത്താന്‍ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന് രാജീവ് ധാവാന് ശ്രമിച്ചത് കോടതിയില്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിയൊരുക്കി. ചീഫ് ജസ്റ്റിസ് ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്.
അതിനിടെ കേസിലെ വാദം അവസാനിപ്പിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. ജില്ലയിലെ ബോട്ടിംഗ്, പടക്കങ്ങളുടെ വില്‍പ്പന, നിര്‍മ്മാണം എന്നിവയും നിരോധിച്ചു. ഇതിനു പുറമേ അനുമതിയില്ലാതെ മേഖലയില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിലും വിലക്കുണ്ട്.
1992 ഡിസംബര്‍ 6 വരെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവും ചുറ്റുമുള്ള പ്രദേശവും ഉള്‍പ്പെടെ തര്‍ക്കമുള്ള 2.77 ഏക്കര്‍ ഭൂമിയെ മൂന്നാക്കി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബര്‍ 30ലെ വിധിക്കെതിരായ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.






