
അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ മോഡൽ എഫ്77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നവംബര്‍ 13 ന് അനാവരണം ചെയ്യും. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പൂര്‍ണമായും സ്വന്തമായി വികസിപ്പിച്ചതാണ് എഫ്77.
വില പ്രഖ്യാപനം 13 ന് നടത്തിയേക്കും. ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 25 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്റ്റാര്‍ട്ടപ്പാണ് ബെംഗളൂരു ആസ്ഥാനമായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബെംഗളൂരുവില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനുമുമ്പ് കണ്ടെത്തിയിരുന്നു.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8 സെക്കന്‍ഡില്‍ താഴെ സമയം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ടോപ് സ്പീഡ്. എഫ്77ൽ 25 കിലോവാട്ട് കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ്
നല്‍കിയിരിക്കുന്നത്. ബാറ്ററി പാക്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.
എഫ്77 എന്നത് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കോഡ്നാമമാണ്. രണ്ട് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കാം. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന ആരംഭിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറായിരിക്കും. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമായിരിക്കും അള്‍ട്രാവയലറ്റ് എഫ്77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലഭിക്കുന്നത്.






