
കോഴിക്കോട്: കുടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി മരിച്ച മാത്യൂ ഒന്നിച്ച് മദ്യപിച്ചിരുന്നെന്ന മൊഴി തള്ളി മാത്യുവിന്റെ ഭാര്യ അന്നമ്മ. കൂട്ടുകൂടി മദ്യപിക്കുന്ന ശീലം മാത്യുവിന് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയ അന്നമ്മ ജോളിയുമായി മാത്യുവിന് ഒരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.
മാത്യുവും ജോളിയും തമ്മില്‍ വാക്കു തര്‍ക്കങ്ങളുണ്ടായിട്ടില്ല. എന്നാല്‍ റോയ തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് മുന്‍കൈ എടുത്തത് മാത്യു ആയിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാല്‍ മാത്യുവിന്റെ മരണത്തില്‍ അന്ന് സംശയങ്ങള്‍ ഒന്നും തോന്നിയിരുന്നില്ലെന്നും അന്നമ്മ പറഞ്ഞു. മാത്യു മരിക്കുന്ന ദിവസം താന്‍ കാഞ്ഞിരപ്പള്ളിയില്‍ ആയിരുന്നെന്നും അവര്‍ പറഞ്ഞു.
അതേസമയം ജോളി വീട്ടിലെ നിത്യസന്ദര്‍ശക അല്ലെന്നും ഇടയ്ക്ക് വരാറുണ്ടെന്നും അന്നമ്മ പറഞ്ഞു. കൂട്ടുകൂടി മദ്യപിക്കുന്ന ശീലമില്ലാത്ത ഒരാള്‍ ജോളിയോടൊപ്പം ഒരിക്കലും മദ്യപിക്കുകയില്ലെന്നും അന്നമ്മ കൂട്ടിച്ചേര്‍ത്തു. മാത്യുവിനെ ഇല്ലാതാക്കാനുള്ള കാരണം അറിയില്ലെന്നും അവര്‍ പറഞ്ഞു.






