ഇന്ത്യയുമായുള്ള സഹകരണം തുടരും: നെതര്‍ലന്‍ഡ്സ് രാജാവിന്റെയും രാജ്ഞിയുടേയും കേരള സന്ദര്‍ശനം, കൊച്ചിയില്‍ തുടക്കം
ഇന്ത്യയുമായുള്ള സഹകരണം തുടരും: നെതര്‍ലന്‍ഡ്സ് രാജാവിന്റെയും രാജ്ഞിയുടേയും കേരള സന്ദര്‍ശനം, കൊച്ചിയില്‍ തുടക്കം
Authored by Web Desk | Last updated: 17 Oct 2019, 7:22 PM | 1 min read
photo: PRD
കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെ നെതര്ലന്ഡിന്റേയും ഇന്ത്യയുടേയും പ്രയാണം അനുസൃതം തുടരുമെന്നു നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് രാജ്ഞി മാക്സിമയുമൊത്ത് കൊച്ചിയിലെത്തിയ അദ്ദേഹം ആദ്യം മട്ടാഞ്ചേരി ഡച്ച് കൊട്ടാര സന്ദര്‍ശന വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊട്ടാരത്തിലെ സ്വീകരണ ശാല, കിരീടധാരണ ശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിക്കുകയും കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയും നെതര്‍ലാന്‍ഡ്സും: ഇന്ന്, ഇന്നലെ, നാളെ എന്ന വിഷയത്തില്‍ കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ ഇരുവരും പങ്കെടുത്തു. കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു.
photo: PRD
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഡച്ചുകാര്‍ തയ്യാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദര്‍ശനം കൊട്ടാരത്തില്‍ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടേയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറ്റുന്നതിനുള്ള ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൊട്ടാരത്തില്‍ സംസ്ഥാന പുരാവസ്തു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ സൗമിനി ജയിന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാജാവിനേയും രാജ്ഞിയേയും സ്വീകരിച്ചത്.
വില്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ 6.45നു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കായി മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ് ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറില്‍ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ക്ക് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്സാമിലേക്ക് മടങ്ങും.