
ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കും. ഇതു സംബന്ധിച്ച പാര്‍ലമെന്ററി കാര്യമന്ത്രാലയം ഇരുസഭകളുടെയും സെക്രട്ടേറിയറ്റുകളില്‍ അറിയിച്ചു. ശീതകാല സമ്മേളനം നിശ്ചയിക്കുന്നതിനായി കഴിഞ്ഞയാഴ്ച പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ കനത്ത തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. വളര്‍ച്ചാ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ നികുതി ഇളവ് അടക്കം പല പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും കാര്യമായ ഫലം അറിവായി തുടങ്ങിയിട്ടില്ല. കാര്‍ഷിക, ബാങ്കിംഗ് മേഖലയില്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന പ്രതിപക്ഷം അത് പാര്‍ലമെന്റിലും പ്രതിഫലിപ്പിക്കാന്‍ ഇടയുണ്ട്. കാര്‍ വിപണി നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷം ആയുധമാക്കും.
കശ്മീര്‍ വിഷയവും ദേശീയ പൗരത്വ രജിസ്ട്രേഷനും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അടിയായി പ്രതിപക്ഷം ഉപയോഗിച്ചേക്കും. അതേസമയം, പൗരത്വ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ പരിഷ്കരണ ബില്ലും ഈ സമ്മേളനത്തില്‍ പരിഗണനയ്ക്ക് വന്നേക്കും. കഴിഞ്ഞ സമ്മേളന കാലത്ത് 28 ബില്ലുകളാണ് പാര്‍ലമെന്റ് പരിഗണിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശീതകാല സമ്മേളനം നവംബര്‍ 21ന് ആരംഭിച്ചത് ജനുവരി ആദ്യവാരം അവസാനിക്കുന്ന വിധത്തിലായിരുന്നു. ഇത്തവണ 26 ദിവസമാണ് സമ്മേളനം.






