
2018 ഒക്ടോബര്‍ 23 -നാണ് സാന്‍ട്രോയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. വിപണിയില്‍ എത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ വാഹനത്തിന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പിനെ വിപണിയില്‍ അവതകിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. സ്പെഷ്യല്‍ എഡിഷന് പതിപ്പ് ആനിവേഴ്സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്പനി അറിയിച്ചു.
സാന്‍ട്രോ സ്പെഷ്യല്‍ എഡിഷന് പതിപ്പിന്റെ വില 5.12 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സ്പെഷ്യല്‍ എഡിഷന് ലഭ്യമാകുന്നത് സ്പോര്‍ട്ട്സ് മാനുവല്‍, സ്പോര്‍ട്ട്സ് എഎംടി വകഭേദങ്ങളിലാണ്.
സ്പോര്‍ട്ട്സ് മാനുവല്‍ പതിപ്പിന് 5.12 ലക്ഷം രൂപയും, സ്പോര്‍ട്ട്സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില. സ്പെഷ്യല്‍ എഡിഷന് പതിപ്പിൽ പുറത്തും അകത്തും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്.
കറുപ്പ് നിറത്തിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രീമിയം എന്ന് തോന്നുന്നതിനായി ബ്ലു ഇന്‍സേര്‍ട്ടുകളോട് കൂടിയ ഫാബ്രിക്ക് സീറ്റുകളും നല്‍കിയിട്ടുണ്ട്.
ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്‍, കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, പിന്നില്‍ നല്‍കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്‍, വശങ്ങളിലായി ആനിവേഴ്സറി എഡിഷന് എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള്‍ എന്നിവയും കാണാം.
പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്.






