
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ജാമ്യം. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കര്‍ണാടക കോണ്‍ഗ്രസിലെ പ്രമുഖനായ ഡി.കെ. ശികുമാറിന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണം നേരിടുന്ന ശികുമാറിനോട് രാജ്യം വിടരുതെന്നും ജാമ്യം നല്‍കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ കസ്റ്റടിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ മാസം ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.കെ. ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. മറ്റൊരു നേതാവായ അംബികാ സോണിക്കും ഡി.കെ. ശിവകുമാറിന്റെ സഹോദരന് ഡി.കെ. സുരേഷും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സോണിയക്കൊപ്പമുണ്ടായിരുന്നു.
ഐഎല്‍എക്സ് അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തെയും സോണിയയും സംഘവും സന്ദര്‍ശിച്ചു. ജയിലില്‍ കഴിയുന്ന നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയുണ്ടെന്ന സന്ദേശം കൈമാറുന്നതിനാണ് സോണിയയുടെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമിയും ജയിലില്‍ എത്തി ശിവകുമാറിനെ കണ്ടിരുന്നു. രാഷ്ര്ടീയ പ്രതികാരാത്തിന് ഇരയാണ് ശിവകുമാര്‍ എന്ന് പിന്നീട് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. നികുതി വെട്ടിപ്പും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവുമാണ് ശിവകുമാറിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.






