തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍.ഡി.എഫ് മാത്രമല്ല. ഈ നാട്ടിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത കൂടിയാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടപ്പോള്‍ താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചരണം നടത്തിയവര്‍ക്ക് മറുപടി ആകുമെന്ന്. വട്ടിയൂര്‍ക്കാവ് കേവലമൊരു തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്നും കടകംപള്ളി വ്യക്തമാക്കി.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടത്. ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ സന്തോഷം. പ്രശാന്തിനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂർക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവർക്ക് മറുപടി ആകുമെന്ന്. പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്. ഇടത്തുപക്ഷത്തിന്റെയും സിപിഎമ്മിന്റെയുടെ സംഘടനാസംവിധാനത്തിന്റെ കരുത്ത് പൂർണമായും പ്രകടിപ്പിക്കാനായതും പ്രശാന്തിന്റെ വ്യക്തിപരമായ മേന്മയും ഗുണകരമായിട്ടുണ്ട്.






