
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റേതായ നിലപാടുകള്‍ പുലര്‍ത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് തപ്സിയും. വിമര്‍ശനങ്ങളെയും ട്രോളുകളെയും ഭയമില്ലാത്ത തപ്സി, പലപ്പോഴും ട്രോളുകള്ക്കൊക്കെ ചുട്ട മറുപടിയും കൊടുക്കാറുണ്ട്. ഒരു സമയത്ത് തനിക്കു സിനിമയില്‍ തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നായകന്മാര്ക്ക് ഇഷ്ട്ടപ്പെടാത്തത് കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിരുന്നതായും തുറന്നു പറയുകയാണ് തപ്സി.
'' കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം കണ്മുന്നില് കണ്ടു. മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്. നായകന്മാര് എന്നെ അംഗീകരിക്കാത്തതു കൊണ്ടോ അല്ലെങ്കില്‍ ജോലിയുമായി ബന്ധമില്ലാത്ത എന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടോ എന്നെ സിനിമകളില്‍ നിന്നു മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ സിനിമകള്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം കൂടും എന്നത് സത്യമാണ്. നായകന്മാരില് നിന്നു വളരെ വ്യത്യാസമുണ്ടെങ്കിലും അത് കൂടുന്നുണ്ട്. ഞാന്‍ അതിന്റെ പോസിറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്നു. എന്റെ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ നായകന്മാരുടേതിന് തുല്യമാകുമ്പോള്‍, എന്റെ പ്രതിഫലവും അവരുടേതിന് തുല്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിയായ ദിശയില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്'' .- തപ്സി പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രം 'സാന്ദ് കി ആംഖ്' എന്ന ചിത്രത്തെ കുറിച്ചും തപ്സി വാചാലയായി. ഇന്ത്യയുടെ ഷാര്പ്പ്ഷൂട്ടര്മാരായ ചന്ദ്രോയുടെയും പ്രകാശി തോമാറിന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. തപ്സിയെ കൂടാതെ ഭൂമി പട്നേക്കറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. '' സാന്ദ് കി ആംഖ് എന്ന ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടപ്പോള്‍ പലരും അതിനെ ഒരു മണ്ടന്‍ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. ഒരു വശത്ത്, എന്തിനാണ് രണ്ട് നായികമാരുള്ള സിനിമ ചെയ്യുന്നതെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍, മറുവശത്ത് എന്തിനാണ് 60 വയസായ ഒരാളായി അഭിനയിക്കുന്നത് എന്ന ചോദ്യമായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്'' - തപ്സി പറയുന്നു.






