
തമിഴ്നാട്ടില് തിരുച്ചിറപ്പള്ളിയില് കുഴല്ക്കിണറില് വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സുജിത്ത് വില്സണ് എന്ന കുഞ്ഞിനായി രാജ്യത്തിന്റെ മുഴുവന് പ്രാര്ത്ഥനയോടെയുള്ള കാത്തിരിപ്പ് ഇന്ന് നാലാം ദിവസവും നീളുമ്പോള് ആണ് വീണ്ടും ഒരു ചോദ്യം ചര്ച്ചയാകുന്നത്. റോക്കറ്റ് വിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയുള്ള ഈ രാജ്യത്ത് ഒരു കുഞ്ഞിനെ രക്ഷിക്കാന് സാങ്കേതിക വിദ്യ ഒന്നുമില്ലേ? ആറം എന്ന ചിത്രത്തിലെ നയന്താരയുടെ കഥാപാത്രം ഉയര്ത്തിയ ചോദ്യമാണ് ഇന്നും വീണ്ടും പൊതുതലത്തിലേക്ക് ഉയരുന്നത്.
മധുരയില് വരള്ച്ച ബാധിച്ച ഒരു കുഗ്രാമത്തില് നടക്കുന്ന കഥയാണ് ആറം. സമാനമായ രീതിയില് ഒരു കുട്ടി കുഴല്ക്കിണറില് വീഴുകയും സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ് ആറം സിനിമയുടെ പ്രമേയം. കുടിവെള്ളമില്ലാത്ത ആ ഗ്രാമത്തില് നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്ന വിരോധാഭാസത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമയിലും സമാന്തരമായി തുരങ്കം നിര്മ്മിച്ചുകൊണ്ട് തന്നെയായിരുന്നു. സിനിമയില് കഥ മുന്നേറുന്നതിനിടെ തുരങ്കം നിര്മ്മിക്കുന്നതിനിടെ ഭൂമി രണ്ടായി വിണ്ടു കീറിയത് രക്ഷാ സംഘത്തിനു മുന്നിലെ വലിയ വെല്ലുവിളി ആയിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് ഇന്ന് തമിഴ്നാട്ടിലെ തന്നെ തിരുച്ചിറപ്പള്ളി എന്ന ഗ്രാമത്തിലും ഉണ്ടായിരിക്കുന്നത്. സമാന്തരമായി തുരങ്കം നിര്മ്മിക്കുന്നതിനിടെ പാറയാണ് രക്ഷാദൗത്യത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. ദൗത്യം ദുഷ്കരമാകുന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. കുഴല്ക്കിണര് അപകടങ്ങള് തുടര്ക്കഥയാകുമ്പോള് മാറിമാറി വരുന്ന സര്ക്കാരുകള് നിസംഗരാകുന്നതിനെതിരെയും ആറം വിമര്ശം ഉയര്ത്തിയിരുന്നു.







Comments