
പരിഷ്കരിച്ച മാരുതി സുസുകി ഈക്കോ വിപണിയില് അവതരിപ്പിച്ചു. ബിഎന്വിഎസ്എപി (ഭാരത് ന്യൂ വെഹിക്കിള് സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം) മാനദണ്ഡങ്ങള് പാലിക്കുന്ന വാഹനമാണ് എത്തിയിരിക്കുന്നത്.
പരിഷ്കരിച്ച മോഡലിന് 3.61 ലക്ഷം മുതല് 6.61 ലക്ഷം രൂപ വരെയാണ് ഡെല്ഹി എക്സ് ഷോറൂം വില. വിവിധ വേരിയന്റുകള്ക്കനുസരിച്ച് 6,000 മുതല് 9,000 രൂപ വരെ വില വര്ധിച്ചു.
ഇന്ത്യയുടെ സ്വന്തം കൂട്ടിയിടി പരിശോധനാ മാനദണ്ഡങ്ങള് (ബിഎന്വിഎസ്എപി) ഒക്റ്റോബര് ഒന്നിനാണ് പ്രാബല്യത്തില് വന്നത്. കൂട്ടിയിടി നടന്നാല് വാഹനത്തിലെ യാത്രക്കാര് എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് പരിശോധിക്കുന്നതാണ് സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം.
ഇതിനായി കുട്ടികളുടെ ഉള്പ്പെടെ ബൊമ്മകള് ഇരുത്തിയും വിവിധ വേഗതകളിലും ലാബുകളില് കൂട്ടിയിടി പരിശോധിക്കുകയാണ് ചെയ്യുന്നത്.
ബിഎസ് 6 പാലിക്കുന്ന എന്ജിന് നല്കുന്നതായിരിക്കും ഈക്കോയില് നടത്തുന്ന അടുത്ത പരിഷ്കാരം. ഇതിനുമുമ്പ് ഈ വര്ഷം ഏപ്രില് മാസത്തില് മാരുതി സുസുകി ഈക്കോ പരിഷ്കരിച്ചിരുന്നു. ഡ്രൈവര്സൈഡ് എയര്ബാഗ്, ഇബിഡി സഹിതം എബിഎസ്, റിയര് പാര്ക്കിംഗ് സെന്സറുകള് എന്നീ സുരക്ഷാ ഫീച്ചറുകളാണ് അന്ന് നല്കിയത്.
പെട്രോള് എന്ജിനില് 15.37 കിലോമീറ്ററും സിഎന്ജി ഉപയോഗിക്കുമ്പോള് 21.94 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. നിലവില് ബിഎസ് 4 പാലിക്കുന്ന 1.2 ലിറ്റര്, 4 സിലിണ്ടര് പെട്രോള് എന്ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ മോട്ടോര് 73 ബിഎച്ച്പി കരുത്തും 101 എന്എം ടോര്ക്കും ഉല്പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല് ഗിയര്ബോക്സ് എന്ജിനുമായി ചേര്ത്തുവെച്ചു.
ഫാക്റ്ററിയില് ഫിറ്റ് ചെയ്ത സിഎന്ജി കിറ്റ് ഓപ്ഷനിലും മാരുതി സുസുകി ഈക്കോ ലഭിക്കും. സിഎന്ജി പതിപ്പിലെ എന്ജിന് 62 എച്ച്പി കരുത്തും 85 എന്എം ടോര്ക്കുമാണ് പുറപ്പെടുവിക്കുന്നത്.







Comments