
ബീജിംഗ്: ഗ്രാമീണ വിവാഹം മുതല്‍ ഓണ്‍ലൈന്‍ പോര്‍ണോഗ്രാഫിയില്‍ നിന്നും രക്ഷപ്പെടാന്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്നത് ഉള്‍പ്പെടെ പൗരന്മാരില് സദാചാര മൂല്യം വളര്‍ത്താന്‍ മാര്‍ഗ്ഗ നിര്‍ദേശവുമായി ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. പുതുയുഗത്തില്‍ പൗരന്മാരില് സദാചാരബോധം കെട്ടിപ്പടുക്കാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ബാഹ്യരൂപം ചൈന ഞായറാഴ്ച പുറത്തിറക്കി.
എങ്ങിനെ ഇന്റര്‍നെറ്റ് ഉപയോഗിക്കണം, കുട്ടികളെ വളര്‍ത്തണം, പൊതു അവധികള്‍ എങ്ങിനെ ചെലവഴിക്കണം, രാജ്യത്തിന് പുറത്തെ യാത്രകളില്‍ എങ്ങിനെ പെരുമാറണം തുടങ്ങി എല്ലാ കാര്യങ്ങളിലും ചൈനീസ് വ്യക്തിത്വവും, മൂല്യങ്ങളും സംസ്ക്കാരവും കരുത്തും പശ്ചാത്തലമാക്കിയുള്ള ധാര്‍മ്മികത ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് സെന്‍ട്രല്‍ കമ്മീഷനാണ്. പോര്‍ണോഗ്രാഫിയും ഓണ്‍ലൈന്‍ അശ്ളീലതയും ഒഴിവാക്കാന്‍ മര്യദയ്ക്ക് എങ്ങിനെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ കൊടി ഉയര്‍ത്തേണ്ട രീതി പ്രസ്താവിച്ചിരിക്കുന്നത് കൃത്യമായി പിന്തുടരാനും ആവശ്യപ്പെടുന്നുണ്ട്.
ലൈബ്രറികള്‍, യുവജനകേന്ദ്രങ്ങള്‍ എന്നിവ പോലെുള്ള പൊതു സ്ഥാപനങ്ങള്‍ സദാചാര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതും തത്വശാസ്ത്ര പരമായും സദാചാര ബോധം ഉയര്‍ത്തുന്നതുമായ നിലയിലുള്ളതാകണമെന്ന് നിയമം പറയുന്നു. രാജ്യസ്നേവും രാജ്യത്തോടുള്ള വിശ്വസ്തതയും ഉയര്‍ത്തുന്ന രീതിയിലാകണം പ്രവര്‍ത്തികളെന്നും പറയുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രവണതയുള്ളവര്‍ രാജ്യത്തിന്റെ അന്തസ്സ് നില നിര്‍ത്തണമെന്നും ദേശീയ താല്‍പ്പര്യങ്ങളെ ബലികഴിക്കരുതെന്നും നിയമത്തില്‍ പറയുന്നു.
ചൈനയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങള്‍ പ്രത്യേകമായി ഈ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു. അനാചാരങ്ങള്‍ തുടച്ചു മാറ്റണമെന്ന് ഇതില്‍ പ്രാദേശിക അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും ധാരാളിത്തം വേണ്ടെന്നും മുതിര്‍ന്ന പൗരന്മാരെ യാതൊരു തരത്തിലുമുള്ള പീഡനത്തിനും ഇരയാക്കരുതെന്നും പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബീജിംഗില്‍ ചേര്‍ന്ന നാലാം പ്ളീനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.






