
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സഹോദരിമാര്‍ക്ക് നീതി വേണമെന്നാവശ്യമായി ഹാഷ്ടാഗുകളും ക്യാമ്പയിനുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രണ്ട് കുഞ്ഞുടുപ്പുകള്‍ മരത്തില്‍ തുങ്ങിയാടുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തത്. കാസര്‍ഗോഡ് സ്വദേശി മഞ്ജി ചാരുത എന്ന പെണ്‍കുട്ടി വരച്ച ചിത്രമാണ് ഇത്.
'തന്റെ വേദന എക്സ്പ്രസ്സ് ചെയ്യാന്‍ ചിത്രം വരയ്ക്കുക എന്നല്ലാതെ മറ്റൊരു വഴിയും അറിയില്ല. ഉള്ളിലുള്ളത് വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. അത്രമാത്രമേ ചെയ്തുള്ളു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്ന് കരുതിയില്ല. പലരേയും ഈ ചിത്രം സങ്കടപ്പെടുത്തുന്നുണ്ടെന്നറിഞ്ഞു. ആരേയും സങ്കടപ്പെടുത്താന്‍ എനിക്ക് ഉദ്ദേശമില്ല. തനിക്ക് വരക്കാന്‍ ആണ് അറിയു. അത്കൊണ്ട് വേദയോ എന്ത് വികാരമായാലും അത് വരച്ച് തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്.' മഞ്ജി ചാരുത പറഞ്ഞു.
നിരവധി ആളുകളാണ് മഞ്ജി വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ശശി തരൂര്‍ എം.പി, സംവിധായകനും നടനുമായ ജോയ് മാത്യു, ആന്റണി വര്‍ഗീസ് തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ആണ് മഞ്ജിമ എന്ന മഞ്ജി ചാരുതയുടെ സ്വദേശം. സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ ക്യാമ്പസിലെ എം.എ മലയാള വിദ്യാര്‍ത്ഥിയാണ്.






