
കോഴിക്കോട്: യുഎപിഎ അറസ്റ്റുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്റ്റേഷനില്‍ ഉന്നതതല യോഗം. കമ്മീഷണര്‍ പന്തീരങ്കാവ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളെ അഞ്ച് വര്‍ഷമായി നിരീക്ഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നല്‍കുന്നതെന്നും പോലീസ് പറയുന്നു. പ്രതികളുടെ മെമ്മറി കാര്‍ഡ്, ലാപ്ടോപ് ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടിയെന്നും പോലീസ് അറിയിച്ചു. വ്യക്തമായ തെളിവുകള്‍ ഇവര്‍ക്കെതിരെ ഉണ്ടെന്നും, കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും പോലീസ് വിശദീകരണം നല്‍കിയിരുന്നു. മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം കൂടുതല്‍ പേര് ഇവരുടെ സംഘത്തില്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവുമായിരുന്നു ഇവരുടെ ലക്ഷ്യം. നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പോലീസിന്റെ അടുത്തുനിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പോലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഇതിനിടെയാണ് വിശദീകരണവുമായി പോലീസ് വീണ്ടും രംഗത്തെത്തിയത്.






