
തിരുവനന്തപുരം: നീണ്ടകാലത്തെ സഹയാത്രിക ബന്ധത്തിന് ശേഷം കെ.ടി. ജലീലിനെ പാര്‍ട്ടിയിലേക്ക് പ്രവേശിപ്പിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്. കെ.ടി. ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയെയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് പിണറായി വിജയന് സ്വാഗതം ചെയ്തു.
ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ഇന്ത്യ മുന്നണിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യ മുന്നണിയിലെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസിന്റെ പിടിവാശിയാണെന്നും തുടക്കം മുതല്‍ തന്നെ ഇന്ത്യ മുന്നണിയില്‍ വലിയ രീതിയിലുള്ള ആഭ്യന്തര പ്രതിസന്ധികള്‍ നിലനിന്നിരുന്നതായി പിണറായി വിജയന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ കടുംപിടുത്തം കാരണം മുന്നണിയുടെ ഭാഗമാകേണ്ടിയിരുന്ന പല കക്ഷികളും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് ഉണ്ടായത്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയെ തകര്‍ക്കുന്നതും തുരങ്കം വെക്കുന്നതുമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിനെ വേട്ടയാടാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍, അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബി.ജെ.പി വിരുദ്ധ മുന്നേറ്റങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ മാത്രമേ കോണ്‍ഗ്രസിന്റെ ഇത്തരം സമീപനങ്ങള്‍ ഉപകരിച്ചിട്ടുള്ളൂ എന്നും പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ ആര്.എസ്.എസ് അജണ്ടകള്‍ക്ക് തുണയാകുന്നതാണെന്ന് വിമര്‍ശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്.എസ്.എസ് അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെ കോണ്‍ഗ്രസ് അനുകൂലിച്ചു.
പ്രതിഷേധിക്കേണ്ട വിഷയങ്ങളില്‍ മൗനം പാലിച്ചുകൊണ്ട് കോണ്‍ഗ്രസ് ആര്.എസ്.എസിനൊപ്പം നില്‍ക്കുകയാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്കും സെനറ്റിലേക്കുമുള്ള നിയമനങ്ങളില്‍ ആര്.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതിഷേധവും ഉണ്ടായില്ല.






