
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,320 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് വില 13,665 രൂപയിലെത്തി.
ഇന്നലെ ഒറ്റയടിക്ക് 2,160 രൂപ വർധിച്ചതിന് പിന്നാലെ ഇന്നും വിലക്കയറ്റം തുടർന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 2,500 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്നും സമാധാന കരാറിലേക്ക് നീങ്ങുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തൽ.
മൂന്ന് ദിവസത്തിനിടെ 5,000 രൂപയിലധികം ഇടിഞ്ഞതിന് ശേഷമാണ് ഇന്നലെ മുതൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളുമാണ് സമീപ ദിവസങ്ങളിൽ വിപണിയെ ബാധിച്ചത്.
അമേരിക്കയിൽ പലിശനിരക്ക് ഉയർന്നാൽ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള താൽപര്യം കുറയുകയും അതുവഴി സ്വർണവിലയിൽ സമ്മർദമുണ്ടാകുകയും ചെയ്യുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ജനുവരി 29-നാണ് സ്വർണവില സർവകാല റെക്കോർഡായ 1,31,160 രൂപയിൽ എത്തിയത്. കഴിഞ്ഞ ഡിസംബർ 23-നായിരുന്നു കേരളത്തിൽ പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.






