
ചൊവ്വാ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് മനുഷ്യന്. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ കാലുകുത്താനുള്ള ലക്ഷ്യം മുന്നില്‍ കണ്ട് നിരവധി പദ്ധതികളാണ് ഗവേഷകര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടെ, 2012 മുതല്‍ ചൊവ്വയില്‍ ജീവന് തേടിക്കൊണ്ട് ലോകത്തിന് കൗതുകമാകുകയാണ് ക്യൂരിയോസിറ്റി.
ചൊവ്വാ ഗ്രഹത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ക്യൂരിയോസിറ്റി ഇക്കുറി പകര്‍ത്തിയിരിക്കുന്നത്. നിലവില്‍ 'സെന്‍ട്രല്‍ ബുട്ടെ' എന്ന് വിളിക്കുന്ന ഗാലെ സെന്ററിലെ ഒരു പര്‍വതത്തിന്റെ ചരിവിലാണ് ക്യുരിയോസിറ്റിയുള്ളത്. ഈ ഗാലെ ക്രാറ്റര്‍ മേഖലയ്ക്ക് 154 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സെന്‍ട്രല്‍ ബൂട്ടെ എന്ന് വിളിക്കുന്ന പ്രദേശത്തെ പാറയുടെ അടരുകളും ക്യൂരിയോസിറ്റി ശേഖരിക്കും. മേഖലയില്‍ ജലത്തിന്റെ സാന്നിധ്യം മുന്‍പ് ഉണ്ടായിരുന്നുവോ എന്ന് തിരിച്ചറിയാനാണ് ഇത്. എന്തായാലും ക്യൂരിയോസിറ്റി അയച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറെ പ്രചോദനം നല്കുന്നവയാണ്.
ക്യൂരിയോസിറ്റിയിലെ ക്യാമറ നവംബര്‍ മൂന്നിന് എടുത്ത ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം വ്യക്തമായി കാണാം. ദൂരെ പര്‍വതങ്ങളുടെ പൊടി നിറഞ്ഞ കാഴ്ചയും ക്യൂരിയോസിറ്റിയുടെ ചിത്രത്തിലുണ്ട്.
ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം തേടിക്കൊണ്ടുള്ള ക്യുരിയോസിറ്റിയുടെ യാത്രയ്ക്ക് രണ്ട് വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ക്യൂരിയോസിറ്റി ഈ കാലാവധി കഴിഞ്ഞും പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനം തുടര്‍ന്നതോടെ കാലാവധി അനിശ്ചിത കാലത്തേയ്ക്ക് നീട്ടുകയായിരുന്നു. നിലവില്‍ ക്യൂരിയോസിറ്റിയുടെ ചൊവ്വാ ദൗത്യം 2000 ദിവസത്തിലേറെയായിട്ടുണ്ട്.





