
ലൈറ്റ് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഖിനാവ. 59,990 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം 2 സബ്സിഡി അടക്കമുള്ള വിലയാണിത്. 1790 എംഎം നീളവും 710 എംഎം വീതിയും 1190 എംഎം ഉയരവും, 740 എംഎം സീറ്റ് ഹൈറ്റുമാണ് ലൈറ്റിനുള്ളത്. 160 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പരമാവധി ഭാരവാഹക ശേഷി 150 കിലോഗ്രാമാണ്. 17 ലിറ്റര്‍ സ്റ്റോറേങ് സ്പേസും ഈ ഇലക്ട്രിക് സ്കൂട്ടറിലുണ്ട്.
റീജറേറ്റീവ് ബ്രേക്കിങ്, വണ്‍ പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോ ഹാന്‍ഡില്‍ ലോക്ക് ഫങ്ഷന്, ഓട്ടോ മോട്ടോര്‍ ലോക്ക് ഫങ്ഷന്, ബാറ്ററി ലോക്ക് ഫങ്ഷനും വാഹനത്തിലുണ്ട്. മുന്നില്‍ ടെലസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ ട്യൂബ് സ്പ്രിങ് ടൈപ്പ് ഹൈഡ്രോളിക് അബ്സോര്‍ബറുമാണ് സസ്പെന്ഷന്.
എല്‍ഇഡി ഹെഡ്ലൈറ്റ്, U രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, സ്ക്വയര്‍ ഇന്‍ഡികേറ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്ളാറ്റ് സീറ്റ്, വലിയ ലെഗ് സ്പേസ്, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 10 ഇഞ്ച് മെഷീന്‍ഡ് അലോയി വീല്‍ എന്നിങ്ങനെ നീളുന്നു ലൈറ്റ് ഇ-സ്കൂട്ടറിന്റെ പ്രത്യേകതകള്‍. മൊബൈല്‍ ചാര്‍ജിങ് സംവിധാനം വാഹനത്തിലുണ്ട്.
ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന 1.25 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. 250 വാട്ട് ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ലൈറ്റിന്റെ ഓട്ടം. ഒറ്റചാര്‍ജില്‍ 50-60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ലൈറ്റ് സ്കൂട്ടറിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. 4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും മൂന്ന് വര്‍ഷത്തെ വാറണ്ടിയും ഒഖിനാവ നല്‍കുന്നുണ്ട്. സ്പാര്‍ക്കിള്‍ വൈറ്റ്, സ്പാര്‍ക്കിള്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.






