
മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ബിഎസ് 6 നിലവാരത്തിലുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് മോഡലാണ് ബിഎസ് 6 എന്‍ജിനിലെത്തിയത്. വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 64,900 രൂപയാണ്. ബിഎസ് 4 മോഡലിനെക്കാള്‍ ഏഴായിരം രൂപയോളം കൂടുതലാണ് പുതിയ മോഡലിന്.
വാഹനത്തിന് കരുത്തേകുന്നത് ബിഎസ് 6 നിലവാരത്തിലുള്ള 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ്. ഈ എന്ജിന് 9.1 എച്ച്പി പവറും 9.89 എന്‍എം ടോര്‍ക്കുമേകുന്നതാണ്. പുതിയ ഡയമണ്ട് ഫ്രെയ്മിനുള്ളിലാണ് എന്ജിന്. വീല്‍ബേസും ഗ്രൗണ്ട് ക്ലിയറന്‍സും അല്പം വര്‍ധിച്ചിട്ടുണ്ട്. ചെറിയ മാറ്റം സസ്പെന്‍ഷനിലും കാണാം.
ടെക്നോ ബ്ലൂ ആന്‍ഡ് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് ആന്‍ഡ് ബ്ലാക്ക്, ഫോഴ്സ് സില്‍വര്‍ ആന്‍ഡ് ഹെവി ഗ്രേ എന്നീ മൂന്ന് ഇരട്ട നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. മൈലേജ് ലാഭിക്കുന്ന ഐ3എസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം ബിഎസ് 6 മോഡലിലുമുണ്ട്. V രൂപത്തിലുള്ള ഹെഡ്ലൈറ്റ്, ബ്ലാക്ക് അലോയി വീല്‍, ബ്ലാക്ക് എക്സ്ഹോസ്റ്റ്, ഡ്യുവല്‍ ഡോണ്‍ ബോഡി, ഡ്യുവല്‍ ടോണ്‍ മിറര്‍, ഫ്ളാറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് രൂപത്തില്‍ സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന്റെ പ്രത്യേകത.






